കൽപ്പന ചൗളയുടെ പേരിൽ വുമൺ അച്ചീവേഴ്‌സ് അവാർഡ്; ലോഗോ പ്രകാശനം ചെയ്തു

Published by
Janam Web Desk

ദുബായ് : ബഹിരാകാശ യാത്രയിലൂടെ ലോകത്തിനു മുഴുവൻ മാതൃകയായ കൽപ്പന ചൗളയെന്ന പ്രതിഭയുടെ പേരിൽ വുമൺ അച്ചീവേഴ്‌സ് അവാർഡ് ഏർപ്പെടുത്തുന്നു. യുഎഇയിലെ സയൻസ് ഇന്ത്യ ഫോറമാണ് വിവിധ മേഖലകളിലെ സ്ത്രീപ്രതിഭകൾക്ക് അവാർഡ് നൽകുന്നത്. ഇതിനോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം സുലേഖ ഹോസ്പ്പിറ്റൽ ചെയർപേഴ്‌സണും അവാർഡ് കമ്മിറ്റി അധ്യക്ഷയുമായ സുലേഖ ദാവൂദ് നിർവഹിച്ചു.

കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ബഹിരാകാശ യാത്രയെന്ന സ്പ്നം യാഥാർഥ്യമാക്കിയ കൽപ്പന ചൗളയെന്ന പ്രതിഭ യുടെ ചിന്തകൾ ഇന്നും ജീവിക്കുകയാണ്. ഇത്തരത്തിൽ സ്വപ്നങ്ങൾക്ക് പിറകെ ഇച്ഛാശക്തി കൊണ്ട് പിന്തുടർന്ന സ്ത്രീപ്രതിഭകൾക്കുള്ള ആദരവുമായാണ് യുഎഇ സയൻസ് ഇന്ത്യ ഫോറം കൽപന ചൗളയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തുന്നത്. ഒരു തീനാളത്തിനും മായ്‌ക്കാത്ത പേരാണ് കൽപ്പന ചൗളയെന്നും സ്ത്രീകൾ എല്ലാ മേഖലകളിലും ഉറച്ച കാൽവെപ്പോടെ കടന്നു വരണമെന്ന് ലോഗോ പ്രകാശനത്തിന് പിന്നാലെ സുലേഖ ദാവൂദ് പ്രതികരിച്ചു.

ശാസ്ത്ര സാങ്കേതിക രംഗം, വിദ്യാഭ്യാസം, ബിസിനസ്, കലാ-സാംസ്‌കാരികം തുടങ്ങിയ മേഖലകളിലാണ് അവാർഡ് നിർണയം നടക്കുക. ഏപ്രിൽ 17 വരെ നാമ നിർദ്ദേശങ്ങൾ സ്വീകരിക്കും. സംഘടനകൾ, അസോസിയേഷനുകൾ , വ്യക്തികൾ തുടങ്ങിവയിൽ നിന്നുള്ള നാമ നിർദ്ദേശങ്ങൾക്ക് പുറമേ അവാർഡിനായി സ്വയം നിർദേശിക്കുകയും ചെയ്യാവുന്നതാണ്. മികച്ച പാനലിന്റെ മേൽനോട്ടത്തിൽ നിർണയിക്കപ്പെടുന്ന അവാർഡ് പ്രൗഢമായ ചടങ്ങിൽ വെച്ച് മെയിൽ വിതരണം ചെയ്യും. 16 വർഷത്തോളമായി യുഎഇയിൽ ഇന്ത്യയുടെ മഹത്തായ ശാസ്ത്ര പാരമ്പര്യവും വിദ്യാഭ്യാസ മഹാത്മ്യവും വിളിച്ചോതുന്ന നിരവധി പരിപാടികൾ സയിൻസ് ഇന്ത്യ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

പ്രോഗ്രാം കോർഡിനേറ്റർ സുധ വിശ്വനാഥ് , ജോയിന്റ് സെക്രട്ടറിമാരായ സ്മിത വിനോദ്, അസ്മിത ഭാഗ്ഡീക്കർ, സയിൻസ് ഇന്ത്യ ഫോറം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് നരേന്ദ്ര ഭാഗ്ഡീക്കർ , ജിസിസി ഓർഗനൈസിംഗ് സെക്രട്ടറി അബ്ഗ രവീന്ദ്ര നാഥ ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
Leave a Comment