ബംഗളുരു: ഹിജാബ് വിഷയത്തിൽ ഇടക്കാല ഉത്തരവ് വരുന്നതിന് മുൻപ് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് പരീക്ഷകൾ നഷ്ടമായ വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. അറിവില്ലായ്മ കാരണം പരീക്ഷ നഷ്ടപ്പെടുത്തിയവർക്കാണ് വീണ്ടുമൊരു അവസരം കൂടി നൽകുന്നതെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ദിവസം നിയമസഭയിലും ഇത് സംബന്ധിച്ച ചർച്ചകൾ നടന്നിരുന്നു. പരീക്ഷ നഷ്ടപ്പെടുത്തിയവർക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന് കോൺഗ്രസ് എംഎൽ കൃഷ്ണ ബൈര ഗൗഡയും ആവശ്യപ്പെട്ടിരുന്നു.
ഉത്തരവിന് ശേഷവും വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചാൽ സർക്കാരിന് തുടർന്ന് ഒന്നും ചെയ്യാനില്ലെന്നും കർണാടക നിയമമന്ത്രി മധുസ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജാബ് നിരോധനം ശരിവച്ചു കൊണ്ടായിരുന്നു ഉത്തരവ്. അതേസമയം ഉത്തരവിന് ശേഷവും മുൻപും എത്ര കുട്ടികൾ പരീക്ഷ ബഹിഷ്‌കരിച്ചു എന്നതിന്റെ കൃത്യമായ കണക്ക് സർക്കാരിന് ലഭിച്ചിട്ടില്ല.
















Comments