ലക്‌നൗ: യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ സമാജ്‌വാദി പാർട്ടി വരാനിരിക്കുന്ന എംഎൽസി തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ ഡോ. കഫീൽ ഖാനെ സ്ഥാനാർഥിയാക്കി. ഡിയോറിയ-കുശിനഗർ സീറ്റിലാണ് ഡോ. കഫീൽ ഖാനെ സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. 2017 ഓഗസ്റ്റിൽ ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്‌സിജൻ വിതരണം തടസ്സപ്പെട്ട് 60 ഓളം കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയാണ് ഡോ. കഫീൽ ഖാൻ.
പീഡിയാട്രീഷ്യനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുക മാത്രമല്ല, അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതിന് മുമ്പ് 9 മാസം ജയിലിൽ കഴിയുകയും ചെയ്തു. 2019 ജൂലൈയിൽ ബഹ്റൈച്ച് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരോട് മോശമായി പെരുമാറിയതിനും രോഗികൾക്ക് മോശം ചികിത്സ നൽകിയതിനും അദ്ദേഹത്തെ രണ്ടാം തവണ സസ്പെൻഡ് ചെയ്തു. ഗോരഖ്പൂർ ഓക്സിജൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2021 നവംബറിൽ യുപി സർക്കാർ അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ഇതേ കേസിൽ സസ്‌പെൻഷനിലായ മറ്റ് ഏഴ് ഡോക്ടർമാരെ തിരിച്ചെടുത്തു.
അടുത്തിടെ അഖിലേഷ് യാദവിനെ വിളിച്ച് തന്റെ പുസ്തകത്തിന്റെ കോപ്പി സമ്മാനിച്ചതോടെയാണ് ഖാന്റെ എസ്പി പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സജീവമായത്. 36 എംഎൽസി സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9 നും വോട്ടെണ്ണൽ ഏപ്രിൽ 12 നും നടക്കും.2019 ഡിസംബർ 12ന് അലിഗഡ് മുസ്ലീം സർവകലാശാലയിൽ നടന്ന ഓപ്പൺ ടോക്കിൽ പ്രകോപനപരമായ പ്രസംഗം നടത്തിതിന് 2020 ജനുവരി 29ന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് കഫീൽ ഖാനെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സെക്ഷൻ 153 എ വകുപ്പ് പ്രകാരം (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നീട് അലിഗഢിലേക്ക് കൊണ്ടുപോയ ശേഷം മഥുര ജില്ലാ ജയിലിലേക്ക് അയച്ചു.
അലിഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചെങ്കിലും ഡോ. കഫീൽ ഖാന്റെ ജയിൽ മോചനം വൈകുകയായിരുന്നു. തുടർന്ന് ദേശീയ സുരക്ഷാ നിയമത്തിലെ കുറ്റങ്ങൾ ചുമത്തിയതിനാൽ അദ്ദേഹം ജയിലിൽ കിടന്നു. 2020 ഓഗസ്റ്റിൽ എൻഎസ്എ പ്രകാരമുള്ള അദ്ദേഹത്തിന്റെ തടങ്കൽ മൂന്ന് മാസത്തേക്ക് നീട്ടി. 2020 സെപ്തംബർ 1 ന് ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറും ജസ്റ്റിസ് സൗമിത്ര ദയാൽ സിംഗും ഉൾപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, എൻഎസ്എ പ്രകാരം ഖാന്റെ തടങ്കൽ റദ്ദാക്കുകയും മഥുര ജില്ലാ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
Comments