കൊച്ചി ; കെ റെയിലിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ബിജെപി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അരുൺ മിശ്രക്ക് ആണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പരാതി നൽകിയത്. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്ത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയും ജനങ്ങളുടെ ഭൂമി തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത് എന്ന് പരാതിയിൽ ആരോപിക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റെയിൽവേ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ അതുമായി ബന്ധപ്പെട്ട സ്ഥലം പിടിച്ചെടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെ കേരള സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് റെയിൽവേ മന്ത്രി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെ കേരള സർക്കാർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അംഗീകരിക്കാൻ സാധിക്കുന്ന റിപ്പോർട്ടല്ല കേരള സർക്കാർ സമർപ്പിച്ചിരിക്കുന്നത് എന്നും കത്തിൽ പറയുന്നു.
പരിസ്ഥിതി പ്രവർത്തകരുടേയും, ഗവേഷകരുടേയും, ജനങ്ങളുടേയും എതിർപ്പുകൾക്ക് പല്ലുവില കൽപ്പിച്ചുകൊണ്ടാണ് മഹാമാരി കാരണം കടബാദ്ധ്യതയിലാണ്ടുപോയ ജനങ്ങളിൽ നിന്നും അവരുടെ സ്ഥലം സർക്കാർ പിടിച്ചെടുക്കുന്നത്. മാർച്ച് 17 ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ പോലീസ് പ്രവേശിക്കുകയും സ്വകാര്യ സ്ഥലങ്ങൾ പിടിച്ചെടുക്കാൻ ആരംഭിക്കുകയും ചെയ്തു. ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ പോലീസ് അവർക്ക് നേരെ അക്രമം അഴിച്ചുവിട്ടു. സ്ത്രീകളും മുതിർന്നവരുമുൾപ്പെടെ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പുരുഷ പോലീസ് ഉദ്യോഗസ്ഥർ യുവതിയെ റോഡിലൂടെ വലിച്ചിഴയ്‌ക്കുകയാണ് ചെയ്തത്. അമ്മമാരിൽ നിന്നും കുട്ടികളെ തട്ടിപ്പറിച്ച് എടുത്തായിരുന്നു പോലീസിന്റെ കൊടും ക്രൂരത.
മാനസിക വിഭ്രാന്തിയുള്ള കുറ്റവാളികളെപ്പോലെയാണ് പോലീസ് ജനങ്ങളോട് പെരുമാറിയത്. കസ്റ്റഡിയിലെടുത്താൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മദ്ധ്യവയസ്‌കയായ ഒരു അമ്മ പറഞ്ഞിരുന്നു. തികച്ചും മനുഷ്യാവകാശ ലംഘനമാണ് നടന്നത് എന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കടക്കെണിയിൽ ആഴ്‌ത്തുന്ന ജനങ്ങളെ കഷ്ടപ്പാടിലേക്ക് നയിക്കുന്ന ഒരു പദ്ധതിയാണ് സിൽവർ ലൈൻ പദ്ധതി. എല്ലാ പ്രതിഷേധങ്ങളും അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോകുന്ന സർക്കാർ രാഷ്‌ട്രീയ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത് എന്നും കത്തിൽ പറയുന്നു.
















Comments