തൃശൂർ: ബിജെപി തൃശൂർ ജില്ലയിൽ നടത്തിയ കെ റെയിൽ വിരുദ്ധ പദയാത്രയെ നെഞ്ചേറ്റി ജനങ്ങൾ. വെളളിയാഴ്ച രാവിലെ 9 മണിക്ക് കുന്നംകുളത്ത് നിന്ന് മെട്രോമാൻ ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്ത പദയാത്ര ശനിയാഴ്ച വൈകിട്ട് ഇരിങ്ങാലക്കുടയിൽ സമാപിച്ചു. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്‌കുമാറാണ് പദയാത്ര നയിച്ചത്.
ആദ്യാവസാനം വൻ ജനപങ്കാളിത്തമായിരുന്നു പദയാത്രയിൽ ദൃശ്യമായത്. പൊള്ളുന്ന വെയിലിലും ഓരോ സ്വീകരണ സ്ഥലങ്ങളിലും ആയിരങ്ങളാണ് ആവേശത്തോടെ പ്രതിഷേധ യാത്രയെ വരവേറ്റത്. കെ റെയിലിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ആളുകൾ ദുരിതമനുഭവിക്കേണ്ടി വരുന്ന ജില്ലയിലൊന്നാണ് തൃശൂർ. 8000 കുടുംബങ്ങളാണ് ജില്ലയിൽ കുടിയിറക്കപ്പെടുക. കെ റെയിലിന് ഇരകളാക്കപ്പെടുന്നവരും കുടുംബസമേതം യാത്രയിൽ വിവിധ ഇടങ്ങളിൽ അണിചേർന്നു.
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നീക്കത്തിനെതിരായ ശക്തമായ വികാരമാണ് പദയാത്രയിൽ ആദ്യാവസാനം ഉയർന്നത്. സമാപനത്തിന് മുന്നോടിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും, ബിജെപിയുടെ സംസ്ഥാന പ്രഭാരി സി.പി രാധാകൃഷ്ണനും ഠാണാവിൽ നിന്ന് പദയാത്രയിൽ പങ്കുചേർന്നു.
കേരളമാകെ കെ റെയിൽ എന്ന മഹാവിപത്തിനെതിരായി വലിയ വികാരം ആളിക്കത്തിക്കൊണ്ടിരിക്കുകയാണെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. പോലീസിനെ ഉപയോഗിച്ച് എന്തും നടത്തിക്കളയാമെന്ന വ്യാമോഹത്തോടെയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും കെ റെയിലിനെതിരെ പാർട്ടി ജില്ലാ അദ്ധ്യക്ഷൻമാർ നയിക്കുന്ന പദയാത്രകൾ ആരംഭിക്കുമെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി.
എന്ത് അധികാരത്തിന്റെ പുറത്താണ് സർവ്വെ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ബിജെപി അദ്ധ്യക്ഷൻ ചോദിച്ചു. കുറ്റി കൊണ്ടൊന്നും കെ റെയിൽ നടപ്പാക്കാൻ സാധിക്കില്ല. ജനങ്ങൾ ഈ സർക്കാരിന് കുറ്റിയടിക്കാൻ തയ്യാറായിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments