ചെന്നൈ : ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാനിരിക്കുന്ന സുപ്രീംകോടതി ജഡ്ജിമാർക്കെതിരെ പരസ്യമായി ഭീഷണി മുഴക്കിയ ഇസ്ലാമിക സംഘടനാ നേതാവിനെതിരെ അഭിഭാഷകന്റെ പരാതി. തൗഹീദ് ജമാഅത്ത് നേതാവ് ആർ റഹ്മത്തുള്ളയ്‌ക്കെതിരെയാണ് പരാതിയുമായി അഭിഭാഷകൻ പോലീസിനെ സമീപിച്ചിരിക്കുന്നത്. ഡൽഹി സ്വദേശിയും, സുപ്രീംകോടതി അഭിഭാഷകനുമായ ബി രാമസ്വാമിയാണ് പരാതി നൽകിയിരിക്കുന്നത്.
ഹിജാബ് വിഷയത്തിൽ അനുകൂല വിധി പ്രസ്താവിച്ചില്ലെങ്കിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് മരിച്ച ഝാർഖണ്ഡിലെ ജഡ്ജിയുടെ അവസ്ഥ ഉണ്ടാകുമെന്നാണ് ഇയാൾ ഭീഷണി മുഴക്കിയത്. റഹ്മത്തുള്ള ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ പോലീസിനെ സമീപിച്ചത്.
നീതിപീഠത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് റഹ്മത്തുളളയുടെ ഭീഷണിയെന്ന് രാമസ്വാമി നൽകിയ പരാതിയിൽ പറയുന്നു. റഹ്മത്തുള്ളയുടെ വാക്കുകൾ ശരിക്കും ഞെട്ടിക്കുന്നതാണ്. ഹിജാബിന്റെ പേരിൽ തമിഴ്‌നാട്ടിലെ പൊതുജനങ്ങളെയും യുവാക്കളെയും അക്രമത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണ് ഇസ്ലാമിക സംഘടനാ നേതാവ് ചെയ്യുന്നത്. മാത്രമല്ല ജഡ്ജിമാരെ അപായപ്പെടുത്താനും ആളുകളെ പ്രേരിപ്പിക്കുന്നു. കലാപം സൃഷ്ടിക്കാൻ പൊതുവേദിയെ ഉപയോഗിച്ചെന്നും രാമസ്വാമിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
ഹിജാബിന് വേണ്ടി ജയിലിലേക്ക് പോകാൻ തയ്യാറായിരിക്കണമെന്നാണ് റഹ്മത്തുള്ളയുടെ ആഹ്വാനം. നേതാവിന്റെ വൈകാരിക പ്രകടനത്തിൽ വീണ് ആരെങ്കിലും ഇത്തരത്തിൽ കലാപത്തിന് മുന്നിട്ടറിങ്ങിയാൽ അത് വലിയ ദുരന്തത്തിലാകും കലാശിക്കുക. അതിനാൽ റഹ്മത്തുളളയ്‌ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് റഹ്മത്തുള്ളയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിജാബുമായി ബന്ധപ്പെട്ട കോടതി വിധിയ്‌ക്കെതിരെ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരുന്നു റഹ്മത്തുള്ള പരസ്യമായി ഭീഷണി മുഴക്കിയത്. വിധി പ്രസ്താവിക്കുമ്പോൾ സൂക്ഷിക്കണം. അത് സുപ്രീംകോടതി ജഡ്ജിമാരാണെങ്കിലും അങ്ങിനെ തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റിൽ അന്യായ വിധി പ്രസ്താവിച്ച ഝാർഖണ്ഡിലെ ജഡ്ജിയെ പ്രഭാത സവാരിക്കിടെ ഓട്ടോ കയറ്റി കൊന്നത് ആരും മറന്നുകാണില്ല. രാജ്യത്ത് ജഡ്ജിമാർക്ക് സുരക്ഷയില്ലെന്ന് പറഞ്ഞ് അന്ന് കുറേ പേർ വിലപിച്ചു. ഇത് പോലെ സുപ്രീംകോടതി ജഡ്ജിമാരും കൊല്ലപ്പെടും. വിധി പ്രസ്താവിച്ച ശേഷം നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദികൾ നിങ്ങൾ തന്നെയായിരിക്കുമെന്നായിരുന്നു റഹ്മത്തുള്ള പറഞ്ഞത്.
Comments