തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയിൽ സിഐയ്‌ക്കെതിരെ കേസ്. മലയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്‌പെക്ടർ എ.വി സൈജുവിനെതിരെയാണ് ഡോക്ടർ പരാതി നൽകിയത്. കേസിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
2019 മുതൽ സിഐ ശാരീരമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് വനിതാ ഡോക്ടറുടെ പരാതി. കുറച്ച് കാലം വിദേശത്തായിരുന്ന ഡോക്ടർ, നാട്ടിലെത്തിയതിന് ശേഷം അവർ വാടകയ്‌ക്ക് നൽകിയ കടമുറിയുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തു. ഇതിന് പരിഹാരം കാണുവാനായാണ് സിഐയെ സമീപിച്ചത്. പിന്നീട് സിഐ സൗഹൃദം സ്ഥാപിക്കുകയും, ഡോക്ടറുടെ വീട്ടിലെത്തി ബലമായി ഉപദ്രവിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.
സിഐ വിവാഹമോചനം നേടാൻ ഇരിക്കുകയാണെന്നും, അതിന് ശേഷം ഡോക്ടറെ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകി. പിന്നീട് ഡോക്ടറുടെ വീട് ഇയാൾ പതിവായി സന്ദർശിച്ചു. അതിനിടയിൽ സിഐയുടെ ഭാര്യ ഇതിൽ നിന്നും പിന്മാറണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. സിഐയെ കാണരുതെന്ന് വിലക്കുകയും ചെയ്തു. കൂടാതെ, സിഐയുടെ ഭാഗത്ത് നിന്നും ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് വനിതാ ഡോക്ടർ പരാതിയുമായി മുന്നോട്ട് പോയത്.
വനിതാ ഡോക്ടറുടെ പരാതിയിൽ റൂറൽ എസ്പി സിഐയ്‌ക്കെതിരെ കേസെടുത്തു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. വരും ദിവസങ്ങളിൽ സിഐയ്‌ക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
















Comments