കീവ്: യുക്രെയ്‌നെ പൂർണ്ണമായും തകർക്കുക എന്ന ഒറ്റ ലക്ഷ്യമേ പുടിനുള്ളുവെന്നും ഈ ആക്രമണം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന ഭീതിയുമായി വ്ലാദിമിർ സെലൻസ്‌കി. ചർച്ചകളിലെ തീരുമാനങ്ങൾ പലപ്പോഴും ഏകപക്ഷീയമാണെന്നും റഷ്യ ആക്രമണത്തിൽ നിന്ന് പിന്മാറാനുള്ള യാതൊരു സാദ്ധ്യതയും കാണുന്നില്ലെന്നും സെലൻസ്‌കി പരിതപിക്കുന്നു. ഞാനെന്ത് വിട്ടുവീഴ്ചയ്‌ക്കും തയ്യാറാണ്. കഴിഞ്ഞ രണ്ടു വർഷമായി ഇതിനായി ശ്രമിച്ചു. പരിഹാരം ചർച്ചകൾ കൊണ്ടുമാത്രമേ സാദ്ധ്യമാകുവെന്നും സെലൻസ്‌കി ആവർത്തിക്കുന്നു.
‘ഏതു തരം മാർഗ്ഗവും സമാധാനം പുലരാനായി ഞങ്ങൾ ഉപയോഗിക്കും. പരസ്പരം എന്ത് ഒത്തുതീർപ്പിനും തയ്യാറാകാൻ ചർച്ച നടത്തുന്ന ഇരുകൂട്ടരും തയ്യാറാകണം. ഇനി ഒരു ചർച്ചകൂടി നടക്കാനിരിക്കുന്നു. അത് പരാജയപ്പെട്ടാൽ ലോകശക്തികളും റഷ്യയും തമ്മിലുള്ള പോരാട്ടമായിരിക്കും നടക്കുക. ഒരു മൂന്നാം ലോകമഹായുദ്ധം മുന്നിൽകാണുന്നു. അത് അപകടമാണ്.’ സെലൻസ്‌കി പറഞ്ഞു.
മരിയൂപോളിനെ റഷ്യ തകർക്കുകയാണ്. ഇതുവരെ തുറമുഖ നഗരത്തിൽ 2500 പേരാണ് മരണപ്പെട്ടത്. ഒരു ദിവസം 235 പേർ വരെ മരിച്ചുവീഴുന്നുവെന്ന കണക്കുകൾ വലിയ ദു:ഖവും ആശങ്കയും ഉണ്ടാക്കുന്നുവെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി. ജനങ്ങളെ കൊന്നൊടുക്കുന്ന റഷ്യൻ കാടത്തം അവസാനിപ്പാക്കാൻ ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്നും സെലൻസ്‌കി അഭ്യർത്ഥിച്ചു.
Comments