കീവ്: റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച തുറമുഖനഗരമായ മരിയുപോളിൽ ആയുധം താഴെവച്ചാൽ മാത്രമെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ അനുവദിക്കുവെന്ന റഷ്യയുടെ അന്ത്യശാസനം യുക്രെയ്ൻ തള്ളി.
മരിയുപോളിൽ കീഴടങ്ങുന്നപ്രശ്നമില്ലെന്നും അവസാന സൈനികനും മരിച്ചുവീഴും വരെ പോരാടുമെന്നും യുക്രൈൻ മറുപടി നൽകി.
അതെ സമയം മരിയുപോളിൽ ഭക്ഷണത്തിനും മറ്റും പ്രതിസന്ധി നേരിടുകയാണ്. ഏകദേശം മൂന്നുലക്ഷം പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ഭക്ഷ്യവസ്തുക്കൾ തീർന്നു. ഇവിടെക്കുള്ള പ്രവേശനം തടഞ്ഞതിനാൽ പുറത്തു നിന്നുള്ള സഹായമെത്തിക്കാനും പ്രയാസം നേരിടുന്നുണ്ട്.റഷ്യൻ ബോംബാക്രമണത്തെ അതിജീവിച്ച് ആഴ്ചകളോളം കഴിഞ്ഞ പ്രദേശവാസികൾ കടുത്തപ്രതിസന്ധി നേരിടുന്നു.വൈദ്യുതിയോ വെള്ളമോ ഇല്ലാതെ ആഴ്ചകളോളം ജനങ്ങൾ ദുരിതമനുഭവിച്ചു.
കീഴടങ്ങിയാൽ മാരിയുപോളിൽ നിന്ന് സുരക്ഷിത ഇടനാഴികൾ തുറക്കുമെന്നും യുക്രെനിയൻ സൈനികർക്കും വിദേശ കൂലിപ്പടയാളികൾക്കും നിരായുധരായി നഗരം വിടാൻ അവസരമൊരുക്കുമെന്നും റോഡുകളിലെ കുഴിബോംബ് നീക്കം ചെയ്താൽ ഭക്ഷണവും മരുന്നും മറ്റ് സാധനങ്ങളും അടങ്ങിയ വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്നും റഷ്യൻ സൈന്യം പറഞ്ഞു.
മാരിയുപോളിൽ ഭയാനകമായ മാനുഷിക ദുരന്തം സംഭവിക്കുകയാണെന്ന് തുറന്നുസമ്മതിച്ച റഷ്യൻ ജനറൽ മിസിന്റ്‌സെവ് കീഴടങ്ങിയാൽ സാധാരണക്കാരെ സുരക്ഷിതമായി പലായനം ചെയ്യാൻ അനുവദിക്കുമെന്ന് പറഞ്ഞു.
എന്നാൽ കീഴടങ്ങലിന്റെയും ആയുധങ്ങൾ താഴെയിടുന്നതിന്റെയും പ്രശ്‌നമില്ലെന്ന് യുക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് മറുപടി നൽകി. മോസ്‌കോയുടെ വാഗ്ദാനങ്ങൾ പൊള്ളയാണ്. റഷ്യൻ സൈന്യം പ്രദേശവാസികളിൽ ചിലരെ റഷ്യയിലേക്ക് നിർബന്ധിതമായി ഒഴിപ്പിക്കുകയാണെന്നാണ് യുക്രെയ്‌ന്റെ നിലപാട്.
റഷ്യയുടെ തന്ത്രപരമായ ലക്ഷ്യമായ മരിയുപോൾ പിടിച്ചെടുക്കുന്നതിൽ റഷ്യ വിജയിച്ചിട്ടില്ല. മാരിയുപോളിനെ റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്നു. കരയിൽ നിന്നും വായുവിൽ നിന്നും കടലിൽ നിന്നും നഗരത്തിന് നേരെ റഷ്യ നിരന്തരമായ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഒഴിപ്പിക്കലിന് പ്രയാസം നേരിടുന്നതിനാൽ താമസക്കാർ ഷെൽട്ടറുകളിലും ബേസ്മെന്റുകളിലും കഴിയുകയാണ്.
യുദ്ധം ആരംഭിച്ചതിന് ശേഷം മരിയുപോളിൽ കുറഞ്ഞത് 2,500 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ആളുകൾ അഭയം പ്രാപിച്ച ഒരു തിയേറ്ററും 400 ആളുകളുള്ള ഒരുസ്‌കൂളും ആക്രമിക്കപ്പെട്ടു. നഗരത്തിൽ മൃതദേഹം കുമിയുകയാണ്. അവ കുഴിയെടുത്ത് മൂടുന്ന ദുരന്തചിത്രമാണ് മരിയുപോളിൽ കാണുന്നത്.
Comments