ആലപ്പുഴ : സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ തീവ്രവാദികളുമുണ്ടെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. പ്രതിഷേധത്തിനായി തീവ്രവാദ സംഘടനകളിൽ നിന്നും ആളുകളെ ഇറക്കുകയാണ് ചെയ്യുന്നത്. കെ റെയിലിനായി സ്ഥാപിച്ച അതിരടയാള കുറ്റി ഊരുന്നവരെ വെറുതെ വിടില്ലെന്നും മന്ത്രി താക്കീത് നൽകി.
ജനം ഉപേക്ഷിച്ച യുഡിഎഫിന് തിരികെ ഭരണത്തിൽ വരാനുള്ള ഈ വിദ്യ ജനങ്ങൾ തന്നെ തള്ളിക്കളയും. ഒരു കിലോമീറ്റർ അപ്പുറവും ഇപ്പുറവും ബഫർസോൺ ആണെന്നു പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ജനങ്ങൾ വൈകാരികമായ വികാര പ്രകടനങ്ങളാണ് നടത്തുന്നത് എന്നും തീവ്രവാദ സംഘടനകളിൽ നിന്നും ആളെ ഇറക്കിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത് എന്നും മന്ത്രി ആരോപിച്ചു.
സമരത്തെ അടിച്ചമർത്തുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. ഒരാളെയെങ്കിലും മർദ്ദിക്കുകയും ചെയ്തിട്ടില്ല. ബോധപൂർവ്വം കലാപം ഉണ്ടാക്കി വികസനത്തിന് തടയിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ദേശീയപാത വിഷയത്തിലേതു പോലെ സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിലും സർക്കാർ വാക്ക് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം മാടപ്പളളിയിലും കോഴിക്കോട് കല്ലായിയിലും ഉൾപ്പെടെ പല സ്ഥലങ്ങളിലും കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സ്ത്രീകളെ പോലീസ് വലിച്ചിഴച്ചുകൊണ്ടു പോകുന്നത് വലിയ ചർച്ചയായിരുന്നു. ഈ ദൃശ്യങ്ങൾ കേരളം മുഴുവൻ രണ്ട് ദിവസമായി ചർച്ച ചെയ്യുകയാണ്. എന്നിട്ടും പോലീസ് പ്രതിഷേധക്കാരെ മർദ്ദിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.
പ്രതിഷേധത്തിന് പിന്നിൽ തീവ്രവാദികളാണെന്ന സജി ചെറിയാന്റെ വാക്കുകൾക്കെതിരെയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടുളളത്. അവരെ ഭരണകൂടം തീവ്രവാദികളായി കാണുന്നതിന്റെ തെളിവാണ് മന്ത്രിയുടെ പ്രസ്താവന എന്നാണ് വിമർശനം.
















Comments