തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കായി തിരുവനന്തപുരം ജില്ലയിൽ സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നെഞ്ചത്ത് കൊണ്ടിടുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്. കെ-റെയിലിനായി കല്ലിട്ട്, സാധാരണക്കാരന്റെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ, ഏറ്റവും ശക്തമായി കേരളത്തിലെ സർക്കാരിനെതിരെ നിൽക്കുന്നത് സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആറ് വർഷമായി പിണറായി വിജയൻ സർക്കാർ കേരളത്തിലെ സ്ത്രീകളുടെ ജീവനും, സ്വത്തിനും, മാനത്തിനും യാതൊരു വിലയും കൽപ്പിക്കുന്നില്ല. കഴിഞ്ഞ ഒരു മാസമായി കേരളത്തിൽ സ്ത്രീവിരുദ്ധ നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. ഒരു സിപിഎം നേതാവിന്റെയും വീട്ടിൽ കല്ലിട്ടിട്ടില്ല. ഒരു എംപിയുടെയോ, മന്ത്രിയുടെയോ വീട്ടിലും കല്ലിട്ടിട്ടില്ല. സ്ത്രീകളെ തെരുവിൽ അണിനിരത്തി വനിതാ മതിൽ തീർത്ത് അധികാരത്തിലെത്തിയ സർക്കാർ തന്നെ സാധാരണക്കാരായ സ്ത്രീകളുടെ നെഞ്ചത്ത് കല്ലിടുകയാണെന്ന് വിവി രാജേഷ് ആരോപിച്ചു.
ആറ്റിങ്ങൽ, വർക്കല പ്രദേശങ്ങളിൽ നിന്നും എല്ലാ കല്ലുകളും പിഴുതെടുക്കും. ചിലർ ഫോട്ടോ എടുക്കാൻ കാണിക്കുന്നത് പോലെ ഒന്നും രണ്ടും അല്ല. തിരുവനന്തപുരം ജില്ലയിലെ എല്ലാ കല്ലുകളും പിഴുതെടുത്ത്, തിരുവനന്തപുരത്തുള്ള മുഖ്യമന്ത്രിയുടെ വസതിയിൽ കൊണ്ടുപോയി സ്ഥാപിക്കുമെന്ന് അദ്ദേഹം താക്കീത് നൽകി.
കെ-റെയിലിനായി സ്ഥാപിച്ച അവസാനത്തെ കല്ലും ബിജെപിക്കാർ പിഴുതെടുക്കും. ഇവ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിൽ സ്ഥാപിക്കുന്നതിന് കെ.സുരേന്ദ്രൻ തന്നെ എത്തുകയും പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഇതിനായി എത്തുന്ന ഏതെങ്കിലുമൊരു സ്ത്രീയെ അക്രമിക്കുവാനായി പോലീസുകാർ മുതിർന്നാൽ, അതിന് പതിനാലിരട്ടിയിൽ തിരിച്ചടിക്കും. തിരുവനന്തപുരത്തുള്ള മഹിളാ മോർച്ച, ബിജെപി വനിതാ പ്രവർത്തകരുടെ ശക്തിയും സമരവീര്യവും പോലീസിന് നന്നായി അറിയാം. ആരുടെയെങ്കിലും ദേഹത്ത് ഒരു പൂ നുള്ളിയിട്ട് നോവിച്ചാൽ, പ്രവർത്തകർ അവരുടെ വിശ്വരൂപം പ്രകടിപ്പിക്കുമെന്നും വിവി രാജേഷ് മുന്നറിയിപ്പ് നൽകി.
















Comments