മോസ്‌കോ: ഭീകരവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് റഷ്യയിൽ ഫേസ്ബുക്കും, ഇൻസ്റ്റഗ്രാമും നിരോധിച്ചു. റഷ്യൻ കോടതിയാണ് ഇവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനും സൈനികർക്കുമെതിരെ അക്രമം നടത്താൻ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ യുക്രെയ്‌നിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ അനുവദിക്കുമെന്ന് മെറ്റ അറിയിച്ചതിനെ തുടർന്ന് ഇൻസ്റ്റഗ്രാം റഷ്യ ബ്ലോക്ക് ചെയ്തിരുന്നു. കൂടാതെ, റഷ്യൻ മാദ്ധ്യമങ്ങളിലേയ്‌ക്കുള്ള ആക്‌സസ് പരിമിതപ്പെടുത്തിയതിന് റഷ്യ ഇതിനോടകം ഫേസ്ബുക്കിനും വിലക്കേർപ്പെടുത്തിയിരുന്നു.
ഇന്ന് നടന്ന ഹിയറിംഗിനിടെ, വിദേശത്ത് രജിസ്റ്റർ ചെയ്ത കമ്പനിയായതിനാൽ റഷ്യൻ കോടതിക്ക് കേസിൽ ഇപ്രകാരം വിധി പ്രസ്താവിക്കാൻ അധികാരമില്ലെന്ന് മെറ്റയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ സംഘർഷ സമയത്ത് മോസ്‌കോയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി മെറ്റ പ്രവർത്തിച്ചതായി പ്രോസിക്യൂഷൻ ആരോപിച്ചു. വിധി പ്രസ്താവിച്ചതിന് ശേഷം മെറ്റയുടെ വക്താവ് പ്രതികരിച്ചിട്ടില്ലെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
















Comments