ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ കളികളെല്ലാം അവസാനിച്ചുവെന്ന് മുസ്ലീം ലീഗ്-നവാസ് വിഭാഗം. പിഎംഎൽ-എൻ വൈസ് പ്രസിഡന്റ് മറിയം നവാസാണ് തിങ്കളാഴ്ച ഇമ്രാനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പാർട്ടി അദ്ധ്യക്ഷൻ ഷെഹ്ബാസ് ഷെരീഫിനെ പിഎംഎൽ-എൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചുമെന്നും അവർ കൂട്ടിച്ചേർത്തു. ഇമ്രാൻ ഖാനെതിരെ അവിശ്വാസം സമർപ്പിച്ച സാഹചര്യത്തിലാണ് പിഎംഎൽ-എൻ ഉപാദ്ധ്യക്ഷയുടെ പ്രതികരണം.
ഭരണത്തിലെ പിടിപ്പുകേടിന്റെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിലെ വിജയ സാധ്യതകൾ ഇമ്രാൻഖാന് ഇല്ലതാകുകയാണ്. രക്ഷിക്കാൻ ഇനി ആരും വരില്ലെന്ന് ഇമ്രാൻ അറിഞ്ഞിരിക്കണം. ഭരണം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇമ്രാന്റെ ‘കളികൾ’ അവസാനിച്ചുവെന്നും അറിഞ്ഞിരിക്കണമെന്നും മറിയം നവാസ് പറഞ്ഞു.
നവാസ് ഷെരീഫിന്റെ രാഷ്‌ട്രീയം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചയാളാണ് ഇമ്രാൻ ഖാൻ. തുടർന്ന് അദ്ദേഹത്തെയും മകളെയും ജയിലിലേക്കയച്ചു. ഇന്ന് അതേ നവാസ് ഷെരീഫാണ് വിദേശത്തിരുന്ന് ഇമ്രാനെതിരെ പോരാടുന്നത്. ഇമ്രാൻ ഖാൻ എല്ലാവർക്കുമൊരു പാഠമായി മാറിയിരിക്കുകയാണ്. ഒന്നോ രണ്ടോ സീറ്റുകളുള്ള പാർട്ടിക്കാരെ പോലും സന്ദർശിച്ച് ഓരോരുത്തരുടെയും പിന്തുണയ്‌ക്കായി യാചിക്കുന്ന ഇമ്രാൻ ഖാൻ മറ്റുള്ളവർക്ക് വലിയ പാഠമാണെന്നും മറിയം നവാസ് പരിഹസിച്ചു.
വരുന്ന വെള്ളിയാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലാണ് ഇമ്രാനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. 28നായിരിക്കും വോട്ടെടുപ്പ്. 342 അംഗങ്ങളുള്ള പാർലമെന്റിൽ 172 വോട്ടാണ് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടത്. ഇമ്രാന്റെ സ്വന്തം പാർട്ടിയായ പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിക്ക് 155 അംഗങ്ങളുണ്ട്. ഇതിലെ 24 വിമതർ ഇമ്രാനെതിരെ വോട്ട് ചെയ്താൽ സർക്കാർ താഴെ വീണേക്കും.
















Comments