കോട്ടയം : കെ റെയിലിന് കല്ലിടലുമായി ബന്ധപ്പെട്ട് കോട്ടയം നട്ടാശേരിയിൽ പ്രതിഷേധം ശക്തം. രാവിലെ എട്ടരയോടെ വൻ പോലീസ് സന്നാഹമാണ് കല്ലിടൽ നടപടികൾക്കായി എത്തിയത്. പ്രദേശത്തേക്കുള്ള വഴികൾ മുഴുവൻ അടച്ച് ജനപ്രതിനിധികളെ പോലും കടത്തി വിടാതെയായിരുന്നു കല്ലിടൽ. എന്നാൽ ഇതിന് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
ഇത് പാറമ്പുഴയാണെന്നും പാകിസ്താൻ അതിർത്തി അല്ലെന്നുമാണ് ജനപ്രതിനിധികൾ പോലീസിനോട് പറഞ്ഞത്. നേരം വെളുക്കുന്നതിന് മുൻപ് തന്നെ പോലീസ് സന്നാഹമെത്തി പേടിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാ ദിവസവും ഇങ്ങനെ കല്ലിടാൻ പോലീസിന് സാധിക്കില്ല. തങ്ങൾ തീവ്രവാദികളാണെന്ന് ചാനലിൽ വന്നിരുന്ന് നേതാക്കൾ പറയരുത് എന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ പ്രതിഷേധക്കാരെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. പ്രതിഷേധക്കാരിൽ തീവ്രവാദികളും ഉണ്ടെന്നാണ് മന്ത്രി ആരോപിച്ചത്. ഇത് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കെ റെയിൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കല്ലിടൽ നാട്ടുകാർ തടയുന്നത്. സ്ത്രീകളടക്കം നിരവധി പേരാണ് സർക്കാർ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മലപ്പുറം തിരുനാവായയിലും ഇന്ന് നാട്ടുകാർ പ്രതിഷേധരംഗത്തുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് സർവ്വേ നടപടികൾ നിർത്തിവെച്ചിരുന്നു. ഇന്നും ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
















Comments