ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ വേണ്ടി പരിശീലിക്കുന്ന 19കാരൻ പ്രദീപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഠിനാധ്വാനം കൊണ്ട് രാജ്യത്തിന്റെ മുഴുവൻ സ്‌നേഹം പിടിച്ചുപറ്റിയ പ്രദീപ് മെഹ്‌റയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി എത്തിയിരിക്കുകയാണ്. പ്രദീപിനെ ഹീറോ എന്നാണ് സ്മൃതി ഇറാനി വിളിച്ചത്. പ്രദീപ് നിരവധി ഇന്ത്യക്കാർക്ക് പ്രചോദനമാണെന്നും സൈന്യത്തിൽ ഒരു സ്ഥാനം അവൻ നേടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.
സ്മൃതി ഇറാനിയുടെ വാക്കുകൾ ഇങ്ങനെ ‘ എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികളുടെ വളർച്ചയ്‌ക്കായി അവശ്യമുള്ളതെല്ലാം ഒരുക്കിക്കൊടുക്കുന്നു. അവർക്ക് പഠിക്കാനുള്ള ജീവിത പാഠങ്ങൾ, പഠന വസ്തുക്കൾ പ്രചോദനമായ ജീവിത പാഠങ്ങൾ എന്നിവയ്‌ക്കായി മാതാപിതാക്കൾ എപ്പോഴും തിരയുന്നു. എല്ലാ ഹീറോകൾക്കും എന്തെങ്കിലും ഒരു പോരായ്മയുണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു.
എന്നാൽ ചില നായകന്മാർ അങ്ങനെയല്ല, അവർ അവരുടെ പോരായ്മയിൽ നിന്നും വിജയം നേടുന്നു. പോരായ്മ കണ്ടെത്തി അതിൽ കഠിനമായി പ്രവർത്തിക്കുകയും ചെയ്യുന്നു… പ്രദീപേ.. നീയാണ് യഥാർത്ഥ ഹീറോ, ഇന്ത്യൻ സൈന്യത്തിൽ നീ ഇടം നേടും… ഇന്ത്യക്കാരുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും… പ്രചോദനമാണ് നിന്റെ ജീവിതം’ സ്മൃതി ഇറാനി കുറിച്ചു.
സൈന്യത്തിൽ ചേരണമെന്ന ഒടുങ്ങാത്ത ആഗ്രഹമാണ് പ്രദീപിന്റെ ഓട്ടത്തിന് പിന്നിൽ. പരിശീലനത്തിന് മുടക്കാൻ പണമില്ലാത്തതിനാൽ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് ഓടും. ഈ ഓട്ടം വീട്ടിലെത്തിയാണ് നിൽക്കുക. പത്ത് കിലോമീറ്ററിലധികമാണ് ഇങ്ങനെ ഓടുന്നത്. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രദീപിന് ആശംസകൾ നേർന്നും നിരവധി പേരാണ് എത്തിയിരിക്കുന്നത്. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കാപ്രിയാണ് പ്രദീപിന്റെ വീഡിയോ ആദ്യം പങ്കുവെയ്‌ക്കുന്നത്.
















Comments