ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി പുഷ്‌കർ സിംഗ് ധാമി നാളെ(ബുധനാഴ്ച) സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. നാളെ വൈകിട്ട് മൂന്ന് മണിക്ക് ഡെറാഡൂണിലെ പരേഡ് ഗ്രൗഡിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഡെറാഡൂണിലെ പാർട്ടി ഓഫീസിൽ ഇന്നലെ നടന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ധാമിയെ തന്നെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത്.
പുഷ്‌കർ സിംഗ് ധാമിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന് പ്രതിരോധ മന്ത്രിയും ഉത്തരാഖണ്ഡിലെ പാർട്ടി നിരീക്ഷകനുമായ രാജ്നാഥ് സിംഗ് അറിയിച്ചിരുന്നു. ഫെബ്രുവരി 14 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 70 ൽ 47 സീറ്റും തൂത്തുവാരിയെങ്കിലും പുഷ്‌കർ സിംഗ് ധാമി പരാജയപ്പെട്ടിരുന്നു. ഖാട്ടിമ നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പരാജയപ്പെട്ടത്.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ പുഷ്‌കർ സിംഗ് ധാമിയുടെ പങ്ക് വളരെ വലുതാണ്. അതിനാൽ ധാമിയെ മാറ്റി നിർത്താൻ സാധിക്കില്ലെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 47 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് തുടർഭരണമെന്ന ചരിത്രം കുറിയ്‌ക്കുന്നത്. കോൺഗ്രസിന് 25 സീറ്റുകൾ മാത്രമാണ് നേടാനായത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ മദൻ കൗശിക് അറിയിച്ചിരുന്നു. ഭരണ തുടർച്ചയെന്ന പതിവ് ഉത്തരാഖണ്ഡിൽ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇവിടെ തിരുത്തി എഴുതിയത്.
Comments