ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം കർഷക സംഘടനകളും കാർഷിക നിയമങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹിച്ചവെന്ന സുപ്രീംകോടതി സമിതിയുടെ റിപ്പോർട്ട് ചർച്ചയാകുന്നു. കാർഷിക മേഖലയിൽ കർഷകരുടെ അന്തകരായി പിടിമുറുക്കിയിരുന്ന ഇടനിലക്കാരും പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളും നടത്തിയ ഒത്തുകളിയുടെ യഥാർത്ഥചിത്രമാണ് സമിതി റിപ്പോർട്ടിലൂടെ പുറത്തുവന്നത്.
13.3 ശതമാനം കർഷകർ മാത്രമാണ് മൂന്ന് കാർഷിക നിയമങ്ങളെയും അനുകൂലിക്കുന്നില്ലെന്ന് പറയുന്നത് 3.3 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന കർഷക സംഘടനകളിൽ 85.7 ശതമാനവും നിയമത്തെ പിന്തുണച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു. കേന്ദ്രസർക്കാർ പിൻവലിച്ച നിയമങ്ങൾ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങൾ കാർഷിക പരിഷ്‌കാര നിയമങ്ങൾ നടപ്പാക്കണമെന്നും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതും സംസ്ഥാനങ്ങൾ വരും ദിവസങ്ങളിൽ ഗൗരവമായി പരിഗണിച്ചേക്കുമെന്നാണ് സൂചനകൾ.
തിങ്കളാഴ്ച ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സമിതിയിലെ മൂന്നംഗങ്ങളിൽ ഒരാളായ അനിൽ ഘൻവതാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 92 പേജുള്ളതാണ് റിപ്പോർട്ട്. സമിതിയിലെ മറ്റ് രണ്ട് അംഗങ്ങളായ അശോക് ഗുലാത്തിയും ഡോ. പർമോദ് കുമാർ ജോഷിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല. ഒരു വർഷം മുൻപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഈ റിപ്പോർട്ട് സമിതി ആദ്യമായാണ് പുറത്ത് വിടുന്നത്.
ക്ഷണിക്കപ്പെട്ട 266 ഫാം ബോഡികളിൽ നിന്ന് 3.83 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന 73 കർഷക സംഘടനകളുമായി സമിതി ചർച്ച നടത്തുകയും അതിൽ 3.3 കോടി കർഷകരെ പ്രതിനിധീകരിക്കുന്ന 61 കർഷക സംഘടനകൾ (85.7 ശതമാനം) നിയമങ്ങളെ പൂർണ്ണമായി പിന്തുണക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ നവംബറിലാണ് ബില്ല് പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പിന്നാലെ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുകയും ചെയ്തു. ഒരു വർഷത്തിലധികം നീണ്ട പ്രതിഷേധങ്ങൾ തുടർന്നതോടെ കർഷകരെ ബോധ്യപ്പെടുത്താൻ കഴിയാത്ത നിയമപരിഷ്‌കാരങ്ങൾ ഉപേക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയായിരുന്നു. കർഷകരുടെ നൻമ ലക്ഷ്യമിട്ടാണ് ബില്ലുകൾ അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Comments