എറണാകുളം: സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം കനക്കുന്നു. ചോറ്റാനിക്കരയിലെത്തിയ കെ-റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥർ സ്ഥാപിച്ച സർവ്വെ കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. ഇതോടെ വയലിൽ കല്ലിടാനാകാതെ ഉദ്യോഗസ്ഥർ മടങ്ങേണ്ട അവസ്ഥയാണ്. ചോറ്റാനിക്കര കിടങ്ങയത്ത് സ്ഥിതിചെയ്യുന്ന പാടശേഖരത്തിലാണ് കെ-റെയിൽ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയത്.
പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയതോടെ പ്രദേശത്തെ വൻതോതിലുള്ള പോലീസ് സന്നാഹം സംഘടിച്ചിട്ടുണ്ട്. ഭൂമി വിട്ടുകൊടുക്കില്ലെന്നും കല്ലിടാൻ അനുവദിക്കുകയില്ലെന്നുമുള്ള ശക്തമായ നിലപാടിലാണ് പ്രദേശവാസികൾ.
ആന്ധ്രാക്കാരുടെ അരിക്കായി കാത്തിരിക്കുന്നവരല്ല തങ്ങളെന്നും പാടത്ത് പൊന്നുവിളയിച്ച് ജീവിതം നയിക്കുന്നവരാണ് തങ്ങളെന്നും നാട്ടുകാർ പ്രതികരിച്ചു. പാടശേഖരത്ത് സർവ്വെ കല്ലിടാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും തടയുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് വലിയ സംഘര്‍ഷമുണ്ടായതോടെ കല്ല് സ്ഥാപിക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്ന് വ്യക്തമാക്കിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. ഇരുനൂറോളം പേരാണ് പ്രതിഷേധിച്ചെത്തിയത്.
















Comments