ന്യൂയോർക്ക്: യുക്രെയ്‌നിലെ മാനുഷീക പ്രതിസന്ധിയെക്കുറിച്ച് യുഎന്നിൽ റഷ്യ തയ്യാറാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യയും. പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പം യുഎഇയും ഇന്ത്യയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. യുക്രെയ്‌നിൽ റഷ്യ നടത്തിയത് അധിനിവേശമാണെന്ന പരാമർശം ഒഴിവാക്കിയ പ്രമേയത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
യുക്രെയ്‌നിലെ മാനുഷീകാവസ്ഥ മുൻനിർത്തി പ്രത്യേക പരിഗണനയോടെ സഹായമെത്തിക്കാൻ ലോകരാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതായിരുന്നു പ്രമേയം. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിലൂടെ യുക്രെയ്‌നിൽ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന സാധാരണ ജനങ്ങളോടുളള ഐക്യദാർഢ്യമാണ് ഇന്ത്യ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈന റഷ്യയ്‌ക്ക് അനുകൂലമായി നിലകൊണ്ടു. ബാക്കി 13 അംഗങ്ങൾ വിട്ടുനിന്നു.
യുക്രെയ്‌നിൽ കൈയ്യേറ്റവും അക്രമവും അധിനിവേശവും നടത്തുന്ന ഏകശക്തി റഷ്യയാണെന്നും യുക്രെയ്‌നിലെ ജനങ്ങൾക്കെതിരെ ഹീനമായ നടപടിയാണ് റഷ്യ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുരക്ഷാ കൗൺസിലിൽ യുഎസ് പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് ആരോപിച്ചു. സ്വന്തം തെറ്റ് അംഗീകരിക്കാത്ത പ്രമേയം യുഎന്നിൽ
പാസാക്കിയെടുക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും യുഎസ് പ്രതിനിധി ചൂണ്ടിക്കാട്ടി.
റഷ്യ മാത്രം സൃഷ്ടിച്ച ഒരു പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്‌ട്ര സമൂഹത്തോട് ധിക്കാരത്തോടെ ആവശ്യപ്പെടുന്ന പ്രമേയം മനസാക്ഷിക്ക് നിരക്കുന്നതല്ലെന്നും ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു. അതേസമയം യുക്രെയ്‌നിലെ സാഹചര്യത്തിൽ യുഎൻ അതിന്റെ പങ്ക് വഹിക്കണമെന്നായിരുന്നു പ്രമേയത്തെ അനുകൂലിച്ച് ചൈന പറഞ്ഞത്. മറ്റ് രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
Comments