ലണ്ടൺ : റഷ്യയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന യുക്രെയ്നിന് സഹായവുമായി യുകെ. യുക്രെയ്നിന് 6000 മിസൈലുകൾ നൽകുമെന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ടാങ്കുകളെ തകർക്കാൻ ശേഷിയുളളതും ഉഗ്രസ്ഫോടക ശേഷിയുളള ആയുധങ്ങൾ വഹിക്കാൻ കഴിയുന്നതുമായ മിസൈലുകളാണ് കൈമാറുക. ഇത് കൂടാതെ സാമ്പത്തിക സഹായമായി 33 മില്യാൺ ഡോളറും നൽകുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു.
യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച് രണ്ട് മാസമായ സാഹചര്യത്തിലാണ് കൂടുതൽ പ്രതിരോധ ആയുധങ്ങൾ കയറ്റി അയയ്ക്കാൻ യുകെ തീരുമാനിച്ചത്. യുക്രെയ്നിന് സൈനികവും സാമ്പത്തികവുമായ പിന്തുണ വർദ്ധിപ്പിക്കുന്നതിന് സഖ്യകക്ഷികളുമായി പ്രവർത്തിക്കുമെന്നും ഈ പോരാട്ടത്തിൽ റഷ്യയ്ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തെപ്പറ്റി നാറ്റോയും ജി7 ഉച്ചകോടിയും ചർച്ച ചെയ്യാനിരിക്കെയാണ് പ്രഖ്യാപനം. യുക്രെയ്നിൽ ആക്രമണം അഴിച്ചുവിടുന്ന റഷ്യയ്ക്കൊപ്പം നിൽക്കാൻ സാധിക്കില്ലെന്നാണ് യുകെ അധികൃതർ പറയുന്നത്. യുദ്ധത്തിൽ തകരുന്ന യുക്രെയ്നിന് സഹായവുമായി ജർമനിയും രംഗത്തെത്തുന്നുണ്ട്.
Comments