ന്യൂഡൽഹി : വിദ്യാലയങ്ങളിൽ ഹിജാബിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി. വിഷയം ആളിക്കത്തരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് കൃഷ്ണ മൂർത്തി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ ഒരിക്കൽ കൂടി നിലപാട് വ്യക്തമാക്കിയത്.
ഹൈക്കോടതി വിധിയ്‌ക്കെതിരെ നൽകിയ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ദേവകാന്ത് കമ്മത്ത് ആണ് കോടതിയോട് വീണ്ടും ആവശ്യപ്പെട്ടത്. നിലവിൽ വാർഷിക പരീക്ഷയുൾപ്പെടെ പുരോഗമിക്കുകയാണെന്നും, അതുകൊണ്ട് തന്നെ ഹർജിയിൽ ഉടൻ അന്തിമ വിധി പുറപ്പെടുവിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കമ്മത്ത് കോടതിയെ സമീപിച്ചത്. എന്നാൽ പരീക്ഷകളുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ലെന്ന് കോടതി മറുപടി നൽകുകയായിരുന്നു. വിഷയം ആളിക്കത്തിക്കാൻ ശ്രമിക്കരുതെന്നും കോടതി കമ്മത്തിന് താക്കീത് നൽകി.
ഹിജാബിൽ ഹർജി നൽകിയ വിദ്യാർത്ഥികൾക്ക് ഈ മാസം 28 മുതൽ പരീക്ഷകൾ ആരംഭിക്കും. ഹിജാബ് ധരിച്ച് ഇവർക്ക് ക്ലാസിൽ പ്രവേശിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല. ഇതോടെ ഇവരുടെ ഒരു വർഷം നഷ്ടമാകുമെന്നും കമ്മത്ത് കോടതിയോട് പറഞ്ഞു. എന്നാൽ കോടതി ഈ വാദം പരിഗണിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് സുപ്രീംകോടതി ഹിജാബുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാൻ വിസമ്മതിക്കുന്നത്. ഈ മാസം 16 നാണ് ഹർജി അടിയന്തിര പ്രാധാന്യം ഉള്ളതല്ലെന്നും, അതിനാൽ ഹോളി അവധികഴിഞ്ഞേ പരിഗണിക്കാൻ സാധിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.
















Comments