ന്യൂഡൽഹി : വിവേക് അഗ്നിഹോത്രി ചിത്രം ദി കശ്മീർ ഫയൽസിൽ നാം കണ്ടതെല്ലാം സത്യമാണെന്ന് ഗ്ലോബൽ കശ്മീരി പണ്ഡിറ്റി ഡയസ്പോറ (ജികെപിഡി). യഥാർത്ഥ സംഭവങ്ങളുടെ 10 ശതമാനം മാത്രമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആർഎസ്എസിന്റെ സഹായമില്ലായിരുന്നുവെങ്കിൽ ഒരു കശ്മീരി പണ്ഡിറ്റ് പോലും ഇന്ന് ജീവനോടെ ഉണ്ടാകില്ലായിരുന്നുവെന്നും ജികെപിഡി അംഗം ഉത്പാൽ കൗൾ പറഞ്ഞു. ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ജികെപിഡി.
ഇന്ന് ഞാൻ ഉൾപ്പെടെയുള്ള കശ്മീരി പണ്ഡിറ്റുകൾ ജീവനോടെയുള്ളതിന് കാരണം ആർഎസ്എസ് ആണ്. സംഘടനയില്ലായിരുന്നെങ്കിൽ ഒരു കശ്മീരി പണ്ഡിറ്റിന് പോലും താഴ്വര വിടാൻ കഴിയുമായിരുന്നില്ലെന്നും കൗൾ പറഞ്ഞു. താഴ്വരയിൽ നിന്നും രക്ഷപ്പെടുന്നതിനായി സഹായിച്ച ആര്യ സമാജം, ദോഗ്ര സമാജം എന്ന സംഘടനയിലെ പ്രവർത്തകരെയും സിഖുകാരെയും അദ്ദേഹം അനുസ്മരിച്ചു.
1990 ഡിസംബറിൽ ആണ് കശ്മീരി പണ്ഡിറ്റുകളെ കൊലചെയ്യാൻ ആരംഭിച്ചത്. ജനുവരി 19 വരെ ഇത് തുടർന്നു. ഇതെല്ലാം വീണ്ടും വിവരിക്കുക പ്രയാസമാണെന്ന് പറഞ്ഞ കൗൾ ആർഎസ്എസ് നൽകിയ സഹായങ്ങളും ഓർത്തെടുത്തു.
ജീവന് വേണ്ടി എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നു കശ്മീരി പണ്ഡിറ്റുകൾ. ഈ സമയം ഗീതാ ഭവനിൽ ഞങ്ങൾക്ക് ആർഎസ്എസ് അഭയം നൽകി. ഇതിന് ശേഷവും നിരവധി സഹായങ്ങൾ നൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Comments