പുറത്തിറങ്ങിയ അന്ന് മുതൽ വൻ ജനപിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്ന വാഹനമാണ് പുതിയ മഹീന്ദ്ര എക്‌സ് യുവി700. ഗ്ലോബൽ എൻസിഎപിയുടെ 5-സ്റ്റാർ സുരക്ഷ റേറ്റിംഗ് കൂടി നേടിയതിന് ശേഷം, മറ്റെന്തിനെക്കാളും ജീവന്റെ സുരക്ഷയ്‌ക്ക് മുൻതൂക്കം നൽകുന്ന ആളുകൾ വാഹനത്തെ തേടി എത്താൻ തുടങ്ങി. വാഹനം റോഡപകടങ്ങളിൽ പെടുന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ സജീവമായിരുന്നു. എന്നാൽ അവയിലെല്ലാം എക്‌സ് യുവി700യുടെ കരുത്തും സുരക്ഷാ സവിശേഷതകളും തെളിയിക്കപ്പെട്ടു. ഇതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഒരു ഹൈവേയിൽ വെച്ച് ഒരു മഹീന്ദ്ര എക്‌സ് യുവി700 അപകടത്തിൽപ്പെട്ടു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിടിച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം ബസിന്റെ വശത്ത് ഇടിച്ചുകയറി. ഈ അപകടത്തിൽ എക്‌സ് യുവി700യുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടം അത്രമാത്രം ഗുരുതരമായിരുന്നിട്ടും, എക്‌സ് യുവി700യുടെ ഉള്ളിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
രാജ്യത്തെ മൂന്നാമത്തെ വലിയ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് 2021 ഒക്ടോബറിൽ ആണ് തങ്ങളുടെ ഏറ്റവും പുതിയ എസ്യുവി ആയ എക്‌സ് യുവി700 പുറത്തിറക്കിയത്. അവതരിപ്പിച്ച് വെറും നാല് മാസത്തിനുള്ളിൽ വാഹനത്തിന്റെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് കടന്നതായി മഹീന്ദ്ര 2022 ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ, എക്‌സ് യുവി700യുടെ കാത്തിരിപ്പ് കാലയളവ് ആറ് മാസത്തിൽ അധികമാണ് എന്നാണ് റിപ്പോർട്ടുകൾ.
ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ടുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്‌സ് യുവി700യുടെ അടിസ്ഥാന മോഡലാണ് ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റുകൾക്കായി ഉപയോഗിച്ചത്. ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 5-സ്റ്റാറും, കുട്ടികളുടെ സുരക്ഷിൽ 4-സ്റ്റാർ റേറ്റിംഗുമാണ് വാഹനം നേടിയത്.
















Comments