ന്യൂഡൽഹി: ചൈനയിലേക്കുള്ള വിദേശകാര്യമന്ത്രി വാങ് യിയുടെ ക്ഷണം നിരസിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. അതിർത്തിയിലെ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്നും എന്നിട്ടാകാം സന്ദർശനമെന്നും അജിത് ഡോവൽ വാങ് യിയ്‌ക്ക് മറുപടി നൽകി. ഇന്ത്യ സന്ദർശനത്തിനെത്തിയ വാങ് യി, അജിത് ഡോവലുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നേരം മാത്രമായിരുന്നു കൂടിക്കാഴ്‌ച്ച നീണ്ടത്.
‘ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷാവസ്ഥ എത്രയും വേഗം പരിഹരിക്കണം. കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കാൻ അതിർത്തിയിൽ നിന്നും പൂർണ്ണമായ സൈനിക പിന്മാറ്റം അനിവാര്യമാണ്. ഇരുരാജ്യങ്ങളുടേയും ബന്ധത്തിൽ ഇത് പ്രധാനമാണ്. ഉഭയകക്ഷി ബന്ധം മുന്നോട്ട് പോകണമെങ്കിൽ തടസ്സങ്ങൾ ഒഴിവാക്കണം. നടപടികൾ ഇരുരാജ്യങ്ങളുടേയും സുരക്ഷയും തുല്യതയും ലംഘിക്കുന്നതാകരുത്.’ എന്നാണ് അജിത് ഡോവൽ വാങ് യിയോട് പറഞ്ഞത്.
2020 ഏപ്രിലിൽ ലഡാക്കിൽ ഇരുരാജ്യങ്ങളുടേയും സൈനികർ ഏറ്റുമുട്ടിയ ശേഷം ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. ശാന്തിയും സമാധാനവും പുനഃസ്ഥാപിച്ച് ഇരുരാജ്യങ്ങളും വിശ്വാസം വളർത്തണം. ഇതിനായി നയതന്ത്ര തലങ്ങളിൽ ചർച്ച നടത്തണമെന്നും ഡോവൽ പറഞ്ഞു. നിലവിലെ സ്ഥിതി തുടരുന്നതിന് താത്പര്യമില്ലെന്ന് വാങ് യിയും ഡോവലിനോട് അറിയിച്ചതായി കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ലെന്നാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം പറഞ്ഞത്. അതിർത്തിയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകണം. പാംഗോംങ് അടക്കമുള്ള മേഖലയിൽ സംഘർഷാവസ്ഥയാണ് ഇപ്പോഴും നിലനിൽക്കുന്നത്. ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കിൽ സൈന്യം പ്രദേശത്ത് നിന്നും പൂർണ്ണമായും പിന്മാറേണ്ടതായുണ്ടെന്നും വിദേശകാര്യമന്ത്രി അറിയിച്ചിരുന്നു.
















Comments