തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിക്കാനായി സെക്രട്ടറിയേറ്റിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ ഉത്തരവിറങ്ങി. 34.10 ലക്ഷം രൂപയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ലോക്ക് പടിഞ്ഞാറ് ഭാഗത്തെ ലിഫ്റ്റ് ആണ് മാറ്റുന്നത്. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ ഉപയോഗിക്കുന്ന ലിഫ്റ്റാണിത്.
ഈ മാസം നാലിന് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടിവ് എഞ്ചിനിയർ സമർപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് പണം അനുവദിച്ചത്. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പദ്ധതി വിഹിതം പോലും പൂർണ്ണമായും കൊടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ധനവകുപ്പ്. ഇതിനിടെയാണ് ഇത്തരത്തിലുള്ള ചെലവുകളും.
പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്ലാണ് ലിഫ്റ്റിന് തുക അനുവദിച്ചുള്ള ഉത്തരവിറക്കിയത്. സെക്രട്ടറിയേറ്റിലെ ഏറ്റവും നല്ല ലിഫ്റ്റുകളിൽ ഒന്നാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതെന്ന് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വർഷാന്ത്യ ചെലവുകൾക്കായി കടമെടുക്കുന്ന അവസ്ഥയാണ് സർക്കാരിന് നിലവിലുള്ളത്. ഇത്തരത്തിലുള്ള അധിക ചെലവുകൾ ധനകാര്യ വകുപ്പിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
Comments