ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചോദനാത്മകമായ ജീവിതകഥ ജനങ്ങളിലേക്ക് എത്തിക്കാൻ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. മോദിയെ അടുത്തറിയുന്നവർ പറയുന്ന അദ്ദേഹത്തിന്റെ കഥകളാണ് വെബ്‌സൈറ്റിലൂടെ അവതരിപ്പിക്കുക. ‘മോദി സ്‌റ്റോറി’ എന്ന സൈറ്റാണ് സന്നദ്ധപ്രവർത്തകർ ചേർന്ന് ആരംഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ജീവിതത്തെ അടുത്ത് കണ്ട വ്യക്തികളുടെ നേരിട്ടുള്ള അനുഭവങ്ങളും സ്മരണകളും ഇതിലൂടെ പങ്കുവെയ്‌ക്കും. മോദിയോടൊപ്പമുള്ള ഫോട്ടോകൾ, കത്തുകൾ, അദ്ദേഹവുമായി ബന്ധപ്പെട്ട വ്യക്തിഗത സ്മരണകൾ എന്നിവയും ഇതിലൂടെ പങ്കുവെയ്‌ക്കും. പ്രധാനമന്ത്രിയെക്കുറിച്ചുള്ള കഥകൾ, റൈറ്റപ്പുകൾ, ഓഡിയോ, വിഷ്വൽ സ്റ്റോറികൾ എന്നിവയും സൈറ്റിലൂടെ പ്രദർശിപ്പിക്കാം. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ഈ വെബ്‌സൈറ്റ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഗുജറാത്ത് സ്വദേശിയായ ഡോ. അനിൽ റാവൽ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഓർമ്മ വെബ്‌സൈറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. 1980 കളിൽ ഒരിക്കൽ പ്രധാനമന്ത്രിയോടൊപ്പം യാത്രം ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. അന്ന് താൻ മോദിയോട് ചോദിച്ചു. ‘ എന്താണ് താങ്കൾക്ക് സമൂഹത്തിലെ ഏറ്റവും അവസാനത്തെ ആളുടെയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് തീരുമാനമെടുക്കാൻ പ്രചോദനമായത്’ എന്ന്. അപ്പോൾ ഒരു സ്വയം സേവകന്റെ വീട് സന്ദർശിച്ച കഥയാണ് നരേന്ദ്ര മോദി പറഞ്ഞത്.
‘ഒരിക്കൽ ഞാൻ ഒരു സ്വയംസേവകന്റെ വീട്ടിൽ പോയി. കുടിലിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെ ചെന്നപ്പോൾ അവർ എനിക്ക് ഭാജ്‌റ റൊട്ടിയും പാലും തന്നു. എന്നാൽ അവിടുത്തെ അമ്മയുടെ മടിയിൽ ഇരുന്ന കുഞ്ഞ് എന്റെ പാൽ പാത്രത്തിലേക്ക് തന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. തുടർന്ന് പകുതി റൊട്ടിയും വെള്ളവും കഴിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റു.
എന്റെ ആഹാരത്തിന് ശേഷം ആ അമ്മ പാലെടുത്ത് കുഞ്ഞിന് കൊടുത്തു. ആ കുഞ്ഞത് ഒറ്റയടിക്ക് കുടിച്ച് തീർക്കുന്നത് ഞാൻ കണ്ടു. ദുഃഖം കൊണ്ട് അന്നെന്റെ കണ്ണ് നിറഞ്ഞു. അപ്പോഴാണ് അവസാനത്തെ വ്യക്തിയുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് തീരുമാനിച്ചത്.’ മോദി പറഞ്ഞു.
Comments