പാലക്കാട്: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ബസുടമകൾ. മന്ത്രി പറഞ്ഞുപറ്റിച്ചുവെന്ന് സ്വകാര്യ ബസുടമകൾ ആരോപിച്ചു. യാത്രാനിരക്ക് വർധിപ്പിക്കാതെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും ബസുടമകൾ വ്യക്തമാക്കി.
സമരം മൂന്നാം ദിനത്തിലേക്ക് കടന്നിട്ടും ഇതുവരെ ചർച്ചയ്‌ക്ക് വിളിക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്നും ബസ് ഉടമകളുടെ സംഘടന പറഞ്ഞു. പരീക്ഷകാലത്ത് സ്‌കൂൾ വിദ്യാർത്ഥികളെ പ്രയാസപ്പെടുത്തിയെന്ന് പറയുന്ന സർക്കാർ കെഎസ്ആർടിസി ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര നൽകാൻ തയ്യാറാകുന്നുണ്ടോയെന്നും സംഘടന ചോദിച്ചു.
ഈ സമരം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പിടിവാശി മൂലം സംഭവിച്ചതാണ്. എൽഡിഎഫ് നിരക്ക് വർധന തീരുമാനിച്ചിട്ടുണ്ടെന്നും നടപ്പിലാക്കുമെന്നും പറഞ്ഞിട്ട് ഇതുവരെ വാക്കുപാലിക്കാൻ മന്ത്രി തയ്യാറായിട്ടില്ലെന്നും ബസുടമകൾ ആരോപിച്ചു.
മിനിമം ചാർജ് വർധനയും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുന്നതും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുടമകൾ സമരം ആരംഭിച്ചത് കൊറോണകാലത്തെ വാഹന നികുതി ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.
Comments