തിരുവനന്തപുരം: സ്വകാര്യ ബസുടമകൾക്ക് പിടിവാശിയാണെന്നും സമരം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. വിഷയത്തിൽ ഇങ്ങോട്ട് വന്നാൽ ചർച്ചയാകാമെന്നും സർക്കാരിന് പിടിവാശിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഗതാഗതമന്ത്രി പറഞ്ഞുപറ്റിച്ചെന്നും പിടിവാശിയാണെന്നുമുള്ള ബസുടമകളുടെ പരാമർശത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബസുടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശി കാണിക്കുന്നത്. ഈ മാസം 30ന് എൽഡിഎഫ് യോഗം ചേർന്നതിന് ശേഷം ബസ് ചാർജ് വർധനയിൽ തീരുമാനമെടുക്കും. ഇതറിയിച്ചിട്ടും സമരത്തിനിറങ്ങിയതും പിടിവാശി കാണിക്കുന്നതും ബസുടമകളാണ്. പൊതുജനങ്ങൾക്കെതിരെയാണ് സമരം. എന്നിട്ടിപ്പോൾ സർക്കാരിനെ പഴിക്കുകയാണെന്നും ആന്റണി രാജു കുറ്റപ്പെടുത്തി.
ബസുടമകൾ എടുത്തുചാട്ടമാണ് കാണിച്ചത്. അവസാന സമരമാർഗത്തെ ആദ്യം തന്നെയെടുത്തു. വർധനവ് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ചില നേതാക്കളുടെ സ്ഥാപിത താൽപര്യമാണെന്നും ഗതാഗതമന്ത്രി ആരോപിച്ചു.
ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിൻവലിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. അതിനാൽ സമരം തുടരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. നിരക്ക് കൂട്ടാൻ തീരുമാനിച്ചെന്ന് പറഞ്ഞാൽ മാത്രം പോര, നടപ്പാക്കണമെന്നും നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്നും ബസുടമകളുടെ സംഘടന വ്യക്തമാക്കി.
Comments