കൊല്ലം: ബസിൽ കയറിയ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ട് കെഎസ്ആർടിസി ബസ്. കൊല്ലത്ത് നിന്നും ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ വിദ്യാർത്ഥികൾക്ക് നേരെയാണ് ആരോപണമുയർന്നത്.
വിദ്യാർത്ഥികളുടെ പ്രണയസല്ലാപത്തിൽ അതൃപ്തി പ്രകടപ്പിച്ച മറ്റ് യാത്രികർ കണ്ടക്ടർക്ക് പരാതി നൽകുകയായിരുന്നു. ഇത് ചോദിക്കാനെത്തിയ വനിത കണ്ടക്ടറോട് വിദ്യാർത്ഥികൾ മോശമായി പെരുമാറിയെന്നാണ് വിവരം. അസഭ്യം പറഞ്ഞുവെന്നും ആരോപണമുണ്ട്.
ബസിൽ തർക്കമുണ്ടായതോടെ നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടാനായിരുന്നു കെഎസ്ആർടിസി അധികൃതരുടെ നിർദേശം. ചാത്തന്നൂർ പോലീസ് സ്റ്റേഷനിലെത്തി വിദ്യാർത്ഥിയെയും വിദ്യാർത്ഥിനിയെയും പോലീസിന് കൈമാറി. തുടർന്ന് ഇരുവരുടെയും കുടുംബാംഗങ്ങൾ വന്ന് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ട്രിപ്പ് മുടക്കിയതിനും വനിതാ കണ്ടക്ടറുടെ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments