ഓസ്‌കർ വേദിയിൽ വച്ച് നടൻ വിൽസ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു കാര്യമായിരുന്നു. ഭാര്യയും ആക്ടിവിസ്റ്റുമായ ജാദ പിങ്കറ്റിനെ മുടിയെ കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. ഈ സംഭവത്തിൽ വിൽ സ്മിത്ത് പിന്നീട് പരസ്യമായി ഖേദം പ്രകടപ്പിക്കുകയും ചെയ്തിരുന്നു. എന്താണ് ജാദ പിങ്കറ്റ് നേരിടുന്ന ആരോഗ്യ പ്രശ്‌നം എന്നല്ലേ. അലോപ്പീസിയ എന്ന രോഗമാണ് ജാദ പിങ്കറ്റിനെ ബാധിച്ചിരിക്കുന്നത്. 2018ൽ ജാദ പിങ്കറ്റ് തന്നെ തന്റെ രോഗത്തെ കുറിച്ച് പരസ്യ പ്രഖ്യാപനം നടത്തിയിട്ടുള്ളതാണ്. കുളിക്കുമ്പോൾ ഒരു പിടി മുടി തന്റെ കയ്യിലിരുന്നെന്നും അത് തന്നെ ഭയപ്പെടുത്തിയെന്നുമാണ് ജാദ പറഞ്ഞത്. പിന്നീട് 2021 ജൂലൈ മുതൽ പൂർണമായും മുടി ഷേവ് ചെയ്ത ഹെയർസ്റ്റൈലിലാണ് ജാദ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് റിപ്പോർട്ടുകൾ പ്രകാരം നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം രോമകൂപങ്ങളെ ബാധിക്കുകയും മുടികൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് അലോപ്പീസിയ ഏറീറ്റ. തലയേയും മുഖത്തേയുമാണ് ഈ രോഗം ബാധിക്കുന്നത്. സാധാരണഗതിയിൽ തലയിൽ ചെറിയ ചെറിയ വട്ടങ്ങളിലായി ആ ഭാഗത്തെ മുടി മാത്രമായിരിക്കും കൊഴിയുന്നത്. എന്നാൽ ചില ആളുകൾ ഇത് രൂക്ഷമായ മുടികൊഴിച്ചിലായിരിക്കും. ഇതൊഴിച്ചാൽ ഈ രോഗം ബാധിക്കുന്നവർക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ല. അവർ പൂർണ്ണ ആരോഗ്യവാന്മാരായിരിക്കുമെന്നും യുഎസ് ആരോഗ്യവകുപ്പ് വിഭാഗം വ്യക്തമാക്കുന്നു.
ജനിതകമായ കാരണങ്ങൾ ഒരു പരിധി വരെ ഈ രോഗത്തിന് കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. രോഗത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാച്ചി, ടോട്ടാലിസ്, യൂണിവേഴ്‌സലിസ് എന്നിങ്ങനെ ഈ രോഗാവസ്ഥയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. തലയോട്ടിയിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ നാണയത്തിന്റെ വലിപ്പത്തിൽ പ്രത്യേകം പ്രത്യേകം ഭാഗങ്ങളായി മുടികൊഴിച്ചിൽ ഉണ്ടാകുന്നതാണ് പാച്ചി. ടോട്ടാലിസ് എന്ന അവസ്ഥയിൽ തലയോട്ടിയിലെ മുടി ഏതാണ്ട് പൂർണമായും നഷ്ടപ്പെടും. യൂണിവേഴ്‌സലിസ് എന്നത് വളരെ അപൂർവ്വമായി മാത്രമാണ് സംഭവിക്കുന്നത്. ഇത് ബാധിച്ചാൽ തലയോട്ടിയിലേയും മുഖത്തേയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയും മുടി പൂർണമായി നഷ്ടപ്പെടും.
















Comments