തൃശ്ശൂർ: ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്ത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സിപിഎം ഭരിക്കന്ന സഹകരണ ബാങ്കിൽ തൊഴിലാളികൾ ജോലിയ്‌ക്കെത്തി. അക്രമത്തിലൂടെ സർവ്വരുടേയും പണിമുടക്കിയ സിപിഎം തന്നെ ഭരിക്കുന്ന തൃശ്ശൂർ സർവ്വീസ് സഹകരണ ബാങ്കിൽ പണിമുടക്കില്ല. ഇന്നലെ മുതൽ തന്നെ ഇടത്
യൂണിയനിൽപ്പെട്ട ജോലിക്കാരെല്ലാം കൃത്യസമയത്ത് ഹാജരായിരുന്നു.
നാട് നീളെ പാവപ്പെട്ടവരെ ഉപദ്രവിച്ച് അവരുടെ അന്നം മുടക്കി അഴിഞ്ഞാടിയവർക്ക് സ്വന്തം ബാങ്കിൽ പണിമുടക്ക് ബാധകമല്ലാതെ പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബിജെപി ജില്ലാ പ്രസിഡൻറിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബാങ്കിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിരുന്നു. ബാങ്കിലേയ്‌ക്ക് വന്നെങ്കിലും പ്രതിഷേധം കണ്ട് ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ എം.കെ കണ്ണൻ ബാങ്കിൽ കയറാതെ മടങ്ങിപ്പോയി. തുടർന്ന് നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
ബാങ്കിൽ നിക്ഷേപിച്ച കോടിക്കണക്കിന് കളളപ്പണം വിവിധ അക്കൗണ്ടുകളിലേക്ക് ചെറു നിക്ഷേപമായി മാറ്റുന്ന പണിയാണ് പണിമുടക്കിന്റെ മറവിൽ ബാങ്കിൽ നടന്ന് കൊണ്ടിരിക്കുന്നതെന്നും കഴിഞ്ഞ രണ്ട് ദിവസമായി ബാങ്കിൽ നടന്ന കണക്കെഴുത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രജിസ്ടാർക്ക് പരാതി നൽകുമെന്നും അഡ്വ കെ.കെ അനീഷ്‌കുമാർ പറഞ്ഞു.
തങ്ങൾ ചെയ്യുന്ന സമരത്തിന്റെ പൊള്ളത്തരം വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് പണിമുടക്കാതെ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലെ സഖാക്കളെല്ലാം പണിയെടുക്കാനെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ന്റെ ഈ ഇരട്ടത്താപ്പ് ആരും കാണാതെ പോകരുതെന്നും തൊട്ടപ്പുറത്തെ സൗത്ത് ഇന്ത്യൻ ബാങ്ക് ചുവന്ന കൊടിയുമായി ചെന്ന് ഭീഷണിപ്പെടുത്തി അടപ്പിച്ചതിന് ശേഷമാണ് ഇപ്പുറത്തെ സ്വന്തം ബാങ്കിലിരുന്ന് സഖാക്കൾ കള്ളപ്പണം വെളുപ്പിക്കൽ പണിയെടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് സുജയ്‌സേനൻ, മണ്ഡലം പ്രസിഡന്റുമാരായ രഘുനാഥ് സി മേനോൻ, വിപിൻ അയിനിക്കുന്നത്ത്, ജില്ലാ കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, വാസുദേവൻ, കൗൺസിലർ നിജി കെ.ജി, ശ്രീമതി പ്രിയ അനിൽ, മണ്ഡലം നേതാക്കളായ സുധി കാരാട്ട്, കൃഷ്ണമോഹൻ, സ്മിത ശെൽവൻ, സന്ധ്യ ബാലകൃഷ്ണൻ, ഷീന പ്രകാശൻ, യുവമോർച്ച പ്രസിഡന്റ് അരുൺ എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.
















Comments