ചെന്നൈ: ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈക്കെതിരെ വധഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് യൂസഫ് എന്ന ബാബ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിലൂടെയായിരുന്നു യൂസഫ് വധഭീഷണി മുഴക്കിയത്. അണ്ണാമലൈയുടെ തലവെട്ടുമെന്ന് യാസീൻ മാസ്സ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു.
അണ്ണാമലൈയുടെ ഫോട്ടോയും വാളിന്റെയും ചിത്രങ്ങൾ നൽകിയായിരുന്നു ഭീഷണി. മേലാപാളയം ഹമീൻപുരം സ്വദേശി യൂസഫിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 153എ, 504, 505(11), 506(11) വകുപ്പുകൾ പ്രകാരം പോലീസ് യൂസഫിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്നാണ് അറസ്റ്റ്.
ഇയാൾ പളനിബാബ മനവർകൾ കൂട്ടമൈപ് എന്ന സംഘടനയുടെ പ്രവർത്തകനാണെന്ന് മേലാപാളയം പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ മതതീവ്രവാദ നേതാവായിരുന്ന പളനിബാബയുടെ അനുയായികൾ രൂപീകരിച്ച സംഘടനയാണ് പളനിബാബ മനവർകൾ കൂട്ടമൈപ്. നിരോധിത സംഘടനയായ അൽ ഉമയിലും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
പളനിബാബയുടെ മരണത്തെതുടർന്നാണ് സംഘടന രൂപീകരിച്ച് അനുയായികൾ പ്രവർത്തനം തുടങ്ങിയത്. തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന പലകൊലപാതകങ്ങളിലും ഈ സംഘടനയുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്.
Comments