ബെയ്ജിംഗ്: തകർന്നു വീണ ചൈനീസ് വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ 36,000ത്തോളം അവശിഷ്ടങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് 132 യാത്രക്കാരുമായി പോയ എം.യു 5735 വിമാനം തകർന്നു വീണത്. അപകടത്തിൽ 132 യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. ഒൻപത് ജീവനക്കാരും 123 യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാൽ മാത്രമെ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്ന് സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സുരക്ഷാ മേധാവി സു താവോ പറഞ്ഞു. ഇതിന് ഏകദേശം രണ്ട് ആഴ്ചയോളം സമയമെടുക്കും. വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ശ്രമം തുടരുകയാണ്.
15000 പേരാണ് തെരച്ചിൽ ദൗത്യം നടത്തുന്നത്. 28 വർഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനാപകടമാണിത്. അതേസയമം എത്രപേരുടെ മൃതദേഹം ലഭിച്ചു എന്നത് സംബന്ധിച്ച് ചൈനീസ് സർക്കാർ ഇപ്പോഴും വ്യക്തത വരുത്തിയിട്ടില്ല. ഗുവാങ്സി പ്രവിശ്യയിലെ വുഷു നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നു വീണത്.
ചൈനയിലെ പടിഞ്ഞാറൻ മേഖലയായ കുൺമിംഗിൽ നിന്ന് ഗുവാങ്സോയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. 3.5ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22ഓടെ നഷ്ടപ്പെട്ടിരുന്നു. മലമുകളിലേക്ക് വിമാനം കൂപ്പുകുത്തി വീഴുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാറ് ഒന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ കാരണത്തെ കുറിച്ച് അധികൃതർക്ക് ഇപ്പോഴും കൃത്യമായ വ്യക്തതയില്ല.
















Comments