കൊച്ചി: ദേശീയ പണിമുടക്കിനെ കുറിച്ചുളള വാർത്തയ്‌ക്ക് ദേശാഭിമാനി നൽകിയ തലക്കെട്ട് വായനക്കാരിൽ ചിരി പടർത്തി. ഇന്ത്യ ഗർജിച്ചു എന്ന തലക്കെട്ടാണ് ബുധനാഴ്‌ച്ചത്തെ ദേശാഭിമാനി പത്രത്തിന്റെ ലീഡ് വാർത്തയ്‌ക്ക് നൽകിയിരിക്കുന്നത്. കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെതിരെ തൊഴിലാളികൾ തീർത്ത പ്രതിരോധത്തിൽ രാജ്യം വിറങ്ങലിച്ചുവെന്ന് സിപിഎം മുഖപത്രം അവകാശപ്പെടുന്നു. 48 മണിക്കൂർ പണിമുടക്കിന് ആവേശകരമായ പരിസമാപ്തി, ഭീഷണിയും അപവാദ പ്രചാരണവും സമരാഗ്നി കെടുത്തിയില്ലെന്നും ദേശാഭിമാനി പറയുന്നു. എന്നാൽ ദേശാഭിമാനിയുടെ തലക്കെട്ട് വായനക്കാരിലും മറ്റുളളവരിലും വലിയ ചിരിയാണ് സമ്മാനിച്ചത്.
ദേശീയ പണിമുടക്ക് കേരളത്തിന് പുറത്ത് ഒരു ചലനവും സൃഷ്ടിച്ചില്ല എന്നതാണ് യാഥാർഥ്യം. അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണ്ണാടകയിലും പോലും ഒരു തടസ്സവും സൃഷ്ടിച്ചില്ല. നിരവധി മലയാളികളാണ് കർണ്ണ്ാടകയിലും തമിഴ്‌നാട്ടിലും പണിമുടക്ക് ദിവസം ടൂർ പോയത്. കേരളം ഒഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണയായിരുന്നു. കടകളും കമ്പോളങ്ങളും തുറന്ന് പ്രവർത്തിച്ചു. മുംബൈ,ഡൽഹി എന്നീ വൻ നഗരങ്ങളിലുളളവർ പണിമുടക്കിന്റെ കാര്യം പോലും അറിഞ്ഞിട്ടില്ല. സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന ബംഗാളിലും ത്രിപുരയിലും ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്ന് യാഥാർഥ്യമാണ്. പാർട്ടി പത്രം പോലും അങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പണിമുടക്കിൽ രാജ്യം നിശ്ചലമായി എന്ന് പറയുന്നത്.
കേരളത്തിൽ പണിമുടക്കിൽ നിന്ന് ലുലു മാളിനെ ഒഴിവാക്കിയതും സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണങ്ങളും വലിയ വിമർശനത്തിന് കാരണമായിരുന്നു. സിപിഎമ്മിന്റെ കാപട്യം പാർട്ടി അണികളിൽ തന്നെ വലിയ അമർഷത്തിന് ഇടയാക്കി. അതിനു പുറമെ കേരളത്തിന് 5000 കോടിയോളം രൂപയുടെ സാമ്പത്തിക നഷട്മാണ് പണിമുടക്ക് ഉണ്ടാക്കിയത്. കടം കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
ദേശാഭിമാനിയുടെ തലക്കെട്ടിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും വലിയ വിമർശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. നിരവധി പേരാണ് പരിഹാസവും ട്രോളുകളുമായി എത്തിയിരിക്കുന്നത്. രാവിലെ തന്നെ ചിരിക്കാനുളള വക പാർട്ടി പത്രം നൽകിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ദേശാഭിമാനിയെ പ്രതിരോധിക്കാൻ അന്തം കമ്മികളോ സൈബർ സഖാക്കളോ രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
















Comments