കൊൽത്ത: ബിർഭൂം കൂട്ടക്കൊലയിൽ അന്വേഷണ റിപ്പോർട്ട് കൈമാറി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്‌ക്കാണ് സംഭവത്തിന്റെ റിപ്പോർട്ട് കൈമാറിയത്. കൂട്ടക്കൊലയെ തുടർന്ന് ആക്രമണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ അഞ്ചംഗ വസ്തുതാ അന്വേഷണ സമിതിയെ ബിജെപി നിയോഗിച്ചിരുന്നു. രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേരാണ് ആക്രമണത്തിൽ മരിച്ചത്. സംഭവത്തിൽ 23 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പശ്ചിമബംഗാൾ ബിജെപി അദ്ധ്യക്ഷൻ സുകാന്ത മജുംദാർ, രാജ്യസഭാ എംപിയും മുൻ ഉത്തർപ്രദേശ് ഡിജിപിയുമായ ബ്രജ്‌ലാൽ, ലോക്‌സഭാ എംപിയും മുൻ മുംബൈ പോലീസ് കമ്മീഷ്ണറുമായ സത്യപാൽ സിംഗ്, രാജ്യസഭാ എംപിയും മുൻ ഐപിഎസ് ഓഫീസറുമായ രാമമൂർത്തി, മുൻ ഐപിഎസ് ഓഫീസറും ബിജെപി വക്താവുമായ ഭാരതി ഘോഷ് എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സംഭവം നടന്ന സ്ഥലത്തേയ്‌ക്ക് അന്വേഷണ സമിതി അംഗങ്ങൾ സന്ദർശനം നടത്തി. ഗ്രാമത്തിലെ ജനങ്ങൾ വലിയ കഷ്ടതകളാണ് അനുഭവിക്കുന്നതെന്ന് തങ്ങളോട് പറഞ്ഞതായി ബിജെപി അദ്ധ്യക്ഷൻ സുകാന്ത പറഞ്ഞു. രഹസ്യ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും കൈമാറുമെന്ന് സുകാന്ത പറഞ്ഞു. അതേസമയം കേസിന്റെ അന്വേഷണം ഹൈക്കോടതി സിബിഐയ്‌ക്ക് വിട്ടിട്ടുണ്ട്.
സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നൽകിയ അപേക്ഷയിലാണ് കോടതിയുടെ അനുകൂല വിധി. എത്രയും വേഗം അന്വേഷണം നടത്തി ഏപ്രിൽ ഏഴിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്ത, ജസ്റ്റിസ് ആർ ഭരദ്വാജ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
















Comments