അബുദാബി: ആരോഗ്യമേഖലയുടെ ഭാവിക്കായി പൊതു-സ്വകാര്യമേഖലകളുടെ പങ്കാളിത്ത മാതൃകയുടെ പ്രാധാന്യം വിളിച്ചോതിയ ലോക ഗവൺമെന്റ് ഉച്ചകോടി സമാപിച്ചു. നൂതന രീതികൾ പ്രാവർത്തികമാക്കൽ, സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയ്ക്കൊപ്പം സ്വകാര്യമേഖല കൂടി ആരോഗ്യരംഗത്തിന്റെ ഭാവി മുന്നൊരുക്കത്തിൽ നിർണായകമാണെന്ന് ഉച്ചകോടിയിലെ ആരോഗ്യ സമ്മേളനം വിലയിരുത്തി. ദുബായിലെ ലോക എക്സ്പോ ആണ് ലോക ഗവൺമെന്റ് ഉച്ചകോടിക്ക് വേദിയായത്.
നവലോകത്തിൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ പങ്ക് പ്രധാനമാണെന്ന് ലോക ഗവൺമെന്റ് ഉച്ചകോടിയിലെ ഫോറത്തെ അഭിസംബോധന ചെയ്ത് യുഎഇ ആരോഗ്യമന്ത്രി അബ്ദുൾറഹ്മാൻ അൽ ഒവൈസ് പറഞ്ഞു. ജിനോമിക് മെഡിസിൻ, റോബോട്ടിക് സാങ്കേതിക വിദ്യ എന്നിവയൊക്കെ പുതിയ കാലത്തെ ആരോഗ്യമേഖലയുടെ ഭാഗമാണെന്നും, മഹാമാരിക്കാലത്ത് പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി യുഎഇ ഭരണാധികാരികൾ മികച്ച ഇടപെടലുകൾ ആണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനും സുസ്ഥിരത ഉറപ്പാക്കുന്നതിനും ഈ പങ്കാളിത്തംസഹായിക്കുമെന്നും, ആരോഗ്യ പദ്ധതികളുടെ വ്യാപ്തി വർധിപ്പിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഉൽപാദനം സ്വകാര്യമേഖലയ്ക്ക് സാമ്പത്തിക പ്രോത്സാഹനം നൽകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നവീകരണവും സാങ്കേതിക വിദ്യയുടെ ഉപയോഗവും ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും മെഡിക്കൽ വിദ്യാഭ്യാസത്തിലും നൈപുണ്യ പരിശീലനത്തിലും ഗവേഷണത്തിലും നിക്ഷേപം നടത്തുന്ന പ്രവണത ആരോഗ്യ മേഖലയെ മികവുറ്റതാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ-സാങ്കേതിക മേഖലകളിലെ നിരവധി പ്രമുഖർ ഉച്ചകോടിയിൽ സംവദിച്ചു.














Comments