പുതുക്കാട്: ഒരു സമ്മാന കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം. ഇതേതാ സർക്കാറിന്റെ പുതിയ ഭാഗ്യക്കുറി എന്ന് ചോദിക്കാൻ വരട്ടെ, കല്ലൂർ നായരങ്ങാടി തുണിയബമ്പ്രാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണ് വേറിട്ട ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുന്നത്.
സ്വന്തം ഭൂമിയിലാണ് ദമ്പതിമാർ കൂപ്പൺ വിൽപ്പനയുടെ പരസ്യ ബോർഡ് വെച്ചത്. 1000 രൂപ മുടക്കി കൂപ്പൺ എടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് ഭൂമി സൗജന്യമായി നൽകുമെന്നാണ് വാഗ്ദാനം.
കടബാധ്യതയും മകന്റെ പഠനാവശ്യങ്ങളുമാണ് ഭൂമി വിൽക്കാൻ ഇവരെ പ്രേരിപ്പിച്ചത്.4 വർഷം നിരന്തരം പരിശ്രമിച്ചിട്ടും ന്യായമായ വിലയ്‌ക്ക് ഭൂമി വിൽക്കാൻ കഴിയാതെ വന്നതോടെയാണ് ദമ്പതിമാർ ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങിയത്.പ്രളയവും കൊറോണയും വന്നതോടെ ഭൂമിക്കച്ചവട മേഖല തളർന്നതോടെ സ്ഥലം വിൽക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.
സ്ഥലം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചവരാരും ന്യായവില വാഗ്ദാനം ചെയ്യാതെ വന്നപ്പോൾ കൂപ്പൺ നറുക്കെടുപ്പ് നടത്തി ഭൂമി കൈമാറിയാലോ എന്നായി ചിന്ത. വക്കീലിനെ കണ്ട് ആശയം അവതരിപ്പിച്ചു. ടിക്കറ്റ് തുകയുടെ സമ്മാന നികുതി അടക്കം നിയമപ്രശ്‌നങ്ങൾ വക്കീൽ ശ്രദ്ധയിൽപ്പെടുത്തുകയും പിന്നീട് വില്ലേജ് ഓഫീസ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.
ഓഗസ്റ്റ് 15ന് നായരങ്ങാടിയിൽ ഇവരുടെ ഉടമസ്ഥതയിലുള്ള മരിയ ഗാർമെന്റ്‌സിൽ നറുക്കെടുപ്പു നടത്താനാണു തീരുമാനം. നറുക്കെടുപ്പിൽ ഭൂമി ലഭിക്കുന്നയാൾ രജിസ്‌ട്രേഷൻ ചെലവുകൾ വഹിക്കേണ്ടി വരും. എന്തെങ്കിലും പ്രശ്‌നമോ സാങ്കേതിക തടസ്സങ്ങളോ നറുക്കെടുപ്പ് മുടങ്ങിയാലോ കൂപ്പണിന്റെ പണം തിരിച്ചു നൽകുമെന്ന് ദമ്പതിമാർ പറയുന്നു.
Comments