ലക്‌നൗ : യുപിയിൽ രണ്ടാം തവണയും അധികാരത്തിൽ ഏറിയതിന് പിന്നാലെ യോഗി ആദിത്യനാഥ് പണിതുടങ്ങി. അഴിമതിക്കെതിരെ പോരാടാനാണ് യോഗി സ്വന്തം ഉദ്യോഗസ്ഥരോടും ജനങ്ങളോടും നിർദ്ദേശിക്കാറുള്ളത്. എന്നാൽ ഈ നിർദ്ദേശം പാലിക്കാതെ അഴിമതി കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനെയും ഗാസിയാബാദ് എസ്എസ്പിയെയും ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു.
സോൻബാദ്ര ജില്ലാ മജിസ്‌ട്രേറ്റായ ടികെ ഷിബു, ഗാസിയാബാദ് എസ്എസ്പി പവൻ കുമാർ എന്നിവർക്കെതിരെയാണ് നടപടി. ഖനനത്തിലും നിർമ്മാണ പ്രവർത്തനങ്ങളിലും അഴിമതി നടത്തിയതിനാണ് ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെന്റ് ചെയ്തത്. തിരഞ്ഞെടുപ്പ് സമയത്ത് ശരിയായ രീതിയിൽ ഇയാൾ പ്രവർത്തിച്ചില്ല എന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് കൃത്യനിർവ്വഹണം ലംഘിച്ചതിനാണ് എസ്എസ്പിയെ താത്ക്കാലികമായി പുറത്താക്കിയത്. ഇവർക്കെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചു. ഒരേ ദിവസം ഐഎഎസ്, ഐപിഎസ് ഓഫീസർമാർക്കെതിരെ നടപടി എടുത്തുകൊണ്ട് യോഗി സർക്കാർ സംസ്ഥാനത്തെ മറ്റ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുകയാണ്. ഇതോടെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും രാഷ്‌ട്രീയ പ്രവർത്തകരും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ ആരംഭിച്ചു.
















Comments