ലക്നൗ : അഴിച്ചെടുത്ത സ്വന്തം സാരിയുമായി തീവണ്ടി പാളത്തിലേക്ക് ഓടിക്കയറിയപ്പോൾ ഓംവതിയുടെ മനസിൽ നൂറുകണക്കിന് പേരുടെ ജീവൻ മാത്രമാണുണ്ടായിരുന്നത് . ഉത്തർപ്രദേശിലെ ഇറ്റാഹിൽ നിന്ന് തുണ്ട്ലയിലേക്കുള്ള പാസഞ്ചർ ട്രെയിൻ വന്ന പാളമാണ് പൊട്ടി അടർന്ന് മാറിയത് . ഇറ്റാ ജില്ലയിലെ അബാഗർ ബ്ലോക്കിനു സമീപമാണ് സംഭവം.
വ്യാഴാഴ്ച രാവിലെ 8 മണിയോടെ, എറ്റാ-ജലേസർ-തുണ്ട്ല പാസഞ്ചർ ട്രെയിൻ എറ്റായിൽ നിന്ന് തുണ്ട്ലയിലേക്ക് പോവുകയായിരുന്നു. കുസ്ബ ഗ്രാമത്തിലാണ് ട്രാക്ക് തകർന്നത്. ഗുലാരിയ ഗ്രാമവാസിയായ ഓംവതി ഈ വഴിയിലൂടെ തന്റെ കൃഷിയിടത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടയിലാണ് പൊട്ടിപ്പൊളിഞ്ഞ റെയിൽ പാളം കണ്ടത്. തുടർന്ന് താൻ ധരിച്ചിരുന്ന ചുവന്ന സാരി അഴിച്ച് പാളത്തിലേയ്ക്ക് ഓടിക്കയറുകയായിരുന്നു .
പൈലറ്റ് ഓംവതിയോട് ട്രെയിൻ നിർത്തിയതിന്റെ കാരണം ചോദിച്ചപ്പോൾ അയാളെ കൂട്ടിക്കൊണ്ടുപോയി തകർന്ന ട്രാക്കും കാണിച്ചു നൽകി . ഇതേത്തുടർന്ന് ട്രെയിൻ അരമണിക്കൂറോളം നിർത്തിയിട്ടു.
‘ പഠിക്കാൻ പോയിട്ടില്ലെങ്കിലും ചുവന്ന പതാക ഒരു അപകട സൂചനയാണെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു, ചെങ്കൊടി കാണിച്ചാൽ ട്രെയിൻ നിർത്തുമെന്ന് അറിയാമായിരുന്നു . നല്ല കാര്യം ഞാൻ ഇന്ന് ചുവന്ന സാരി ഉടുത്തു, എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു. ‘ ഓം വതി പറഞ്ഞു. കൂലിത്തൊഴിലാളികടക്കം സാധാരണക്കാരായ ആയിരക്കണക്കിനു പേരാണ് ട്രെയിനിൽ ഉണ്ടായിരുന്നത് . ഇത്രയേറെ ജീവൻ അതിസാഹസികമായി രക്ഷിച്ച ഓംവതിയെ ആദരിക്കണമെന്നും റെയിൽവേ മന്ത്രാലയത്തോട് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നു.
Comments