ആരാധകർ പലപ്പോഴും ആരാധന മൂത്ത് പലതും ചെയ്യാറുണ്ട്. പ്രിയപ്പെട്ട താരങ്ങളോടുള്ള ആരാധനയാൽ ചോര കൊണ്ട് കത്തെഴുതുന്നവരും ജീവിതം മുഴുവൻ താരങ്ങൾക്കായി ഉഴിഞ്ഞുവെക്കുന്നവരുമെല്ലാം ഇക്കൂട്ടത്തിൽപ്പെടും. എന്നാൽ മറ്റ് ചിലരുണ്ട്. സ്‌നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നവർ. അവർക്ക് ആരാധന മൂലം എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവുമുണ്ടാകില്ല. സ്‌നേഹം പ്രകടപ്പിക്കുന്നത് വേദനിപ്പിക്കുന്നതിനും തുല്യമാകാറുണ്ട്. അത്തരമൊരു സംഭവമാണ് അർജന്റീനിയൻ താരം ലയണൽ മെസ്സി നേരിട്ടത്.
ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ മൈതാനത്തിലേക്ക് ഇറങ്ങുകയും ഇഷ്ടപ്പെട്ട താരങ്ങളോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുകയും പതിവാണ്. അത്തരത്തിൽ ഒരു ശ്രമമാണ് മെസ്സിയും നേരിട്ടത്. ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം മെസി ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
മത്സരത്തിന് പിന്നാലെ മെസിയുടെ സമീപത്തേക്ക് ഓടിവന്ന ആരാധകൻ കയ്യിലെ ഫോണിൽ ക്യാമറ ഓൺ ആക്കിയിരുന്നു. ഓടി മെസിയുടെ അരികിലെത്തിയ ആരാധകൻ താരത്തിന്റെ കഴുത്തിൽ വരിഞ്ഞ് മുറുക്കി. നേരെ ഫോണിലെ ക്യാമറയിലേക്ക് കാണിച്ചു. ശ്വാസം മുട്ടിപോകുന്ന വിധം കഴുത്തിൽ വരിഞ്ഞുമുറുകിയ ആരാധകന്റെ കയ്യിൽ നിന്നും മെസി ഒരുവിധം കുതറി മാറി. ഇതെല്ലാം ആരാധകൻ പകർത്തിയ വീഡിയോയിൽ ഉൾപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെ മെസിയെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെക്കാനും ആരാധകൻ മറന്നില്ല. തന്നെ സന്തോഷിപ്പിച്ച മെസിക്ക് ഒരായിരം നന്ദിയെന്നായിരുന്നു ആരാധകന്റെ പോസ്റ്റ്. സ്‌നേഹം കൊണ്ട് അടുത്തെത്തുന്ന ആരാധകർ ഇപ്രകാരം പെരുമാറുന്നതും താരങ്ങൾ അത്തരം സാഹചര്യങ്ങളെ ഏറെ ബുദ്ധിമുട്ടി കൈകാര്യം ചെയ്യേണ്ടി വരുന്നതും നിത്യസംഭവങ്ങളാണ്.
Comments