ബെംഗളൂരു: ഒന്നിച്ച് പബ്ജി കളിക്കാറുള്ള സുഹൃത്തിനെ വിട്ട് പിരിയാതിരിക്കാൻ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശമയച്ച് 12കാരൻ. തന്റെയൊപ്പം ഗെയിം കളിക്കാറുള്ള കൂട്ടുകാരന്റെ ട്രെയ്ൻ യാത്ര മുടക്കാനായാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിച്ചതെന്ന് യെലഹങ്ക സ്വദേശിയായ വിദ്യാർത്ഥി പറയുന്നു.
ഫോണിലൂടെയാണ് കൗമാരക്കാരൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. സ്‌കൂളിലെ സഹപാഠിയും, പബ്ജി കളിയിൽ സഹകളിക്കാരനുമായ കൂട്ടുകാരൻ യെലഹങ്ക സ്റ്റേഷനിൽ നിന്ന് കച്ചെഗുഡ എക്‌സ്പ്രസ് ട്രെയ്‌നിൽ പോകുന്നതിന് മുൻപാണ് ഫോൺ കോൾ. ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് റെയിൽവേ ഹെൽപ്പ് ലൈനിലേയ്‌ക്ക് 12കാരൻ ബോംബ് ഭീഷണി മുഴക്കി വിളിച്ചത്. ഇതോടെ നിരവധി ട്രെയ്‌നുകൾ ഒന്നര മണിക്കൂറോളമാണ് വൈകിയത്.
വിവരമറിഞ്ഞയുടൻ ട്രെയ്‌നുകൾ സ്‌റ്റേഷനിൽ പിടിച്ചിട്ട്, ബോംബ് സ്‌ക്വാഡും, ആർപിഎഫ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്‌റ്റേഷനിലെത്തി പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് വ്യാജ ഫോൺ കോളാണ് ലഭിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. കോൾ വന്ന നമ്പറിലേയ്‌ക്ക് തിരിച്ച് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പിന്നീട് നമ്പറിന്റെ ടവർ ലോക്കെഷൻ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തായത്.
തുടർന്ന് കൗമാരക്കാരനെ കണ്ടെത്തി കൗൺസിലിംഗിന് വിധേയനാക്കി. പ്രായപൂർത്തിയാകാത്തതിനാൽ 12കാരനെ താക്കീത് നൽകി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.
Comments