ആലുവ: പോപ്പുലർ ഫ്രണ്ട്‌വേദിയിൽ പ്രവർത്തകർക്ക് അഗ്നിരക്ഷാ സേന ജീവനക്കാർ പരിശീലനം നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പൻഷനോ സ്ഥലം മാറ്റത്തിനോ സാധ്യത. സേനയുടെ ഭാഗത്ത് ഗുരുതര വീഴ്ചസംഭവിച്ചുവെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് സാധ്യത.
ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേനാമേധാവി ബി സന്ധ്യ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാഫയർ ഓഫിസർ, പരിശീലനം നൽകിയ ആലുവ ഓഫിസിലെ ജീവനക്കാരായ ബി.അനീഷ്, വൈ.എ രാഹുൽദാസ്, എം.സജാദ് എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശചെയ്തത്.
ജില്ലാഫയർ ഓഫിസർ അനുമതി നിഷേധിച്ച പരിശീലനത്തിന് റീജനൻ ഫയർഓഫിസർ അനുമതി നൽകുകയായിരുന്നു. അതെ സമയം പരിശീലനത്തിന് ഫയർഫോഴ്‌സിന്റെ വാഹനമോ ഉപകരണമോ ഉപയോഗിക്കരുതെന്ന റീജനൽ ഫയർ ഓഫിസറുടെ നിർദ്ദേശം ജില്ലാഓഫിസ് പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് ആർഎഫ്ഓയും ജില്ലാഫയർ ഓഫിസറും മൂന്ന് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് നടപടിക്ക് ശുപാർശ നൽകിയത്.
അതെ സമയം പരിശീലനത്തിന് അനുമതി നിഷേധിച്ച ജില്ലാഫയർ ഓഫിസറെ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ വിരട്ടിയതായും മേലധികാരിയിൽ നിന്ന് അനുമതി വാങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായും അറിയുന്നു.
ആലുവ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ പോപ്പുലർ ഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പരിശീലനം നൽകിയത്. ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദിന്റെ പ്രസംഗത്തിലാണ് ദുസ്സൂചനയുള്ളത്.
കൊറോണക്കാലത്ത് സേവനസന്നദ്ധരായ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ ഓഖി, സുനാമി പ്രകൃതി ദുരന്തമുണ്ടായപ്പോഴും രംഗത്തുണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നെന്നപോലെ ‘രാജ്യം നേരിടുന്ന മറ്റുവെല്ലുവിളികളിൽ നിന്നും നാടിനെ രക്ഷിക്കാൻ’ റെസ്‌ക്യൂ ആൻഡ് റിലീഫ് പ്രവർത്തകർ തയ്യാറാവണമെന്ന സി.പി.മുഹമ്മദിന്റെ പരാമർശം അനവസരത്തിലുള്ളതും ദുസ്സൂചന നൽകുന്നതുമാണെന്ന വിമർശനമാണ് ഉയരുന്നത്. പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും രക്ഷാപ്രവർത്തനം നടത്താൻ നേടുന്ന പരിശീലനം മറ്റ് എന്ത് വെല്ലുവിളികൾ നേരിടാനാണ് ഉപയോഗിക്കേണ്ടതെന്ന ചോദ്യമുയരുന്നു.
നബി നിന്ദയുടെ പേരിൽ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ പ്രഫ.പി.ജെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടാതെ വൈക്കം സ്വദേശിനി അഖില(ഹാദിയ)യുടെ മതംമാറ്റവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹൈക്കോടതി മാർച്ചിൽ ഹൈക്കോടതി ജഡ്ജിമാരെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. പൊലീസ് വാഹനത്തിന്റെ മുകളിൽ കയറി നിന്ന് ജഡ്ജിമാരുടെ വീട്ടിൽ കയറിവരുമെന്നതുൾപ്പെടെ വിദ്വേഷ പ്രസംഗം നടത്തിയ സംഭവം പോപ്പുലർ ഫ്രണ്ടിനെ പ്രതിക്കൂട്ടിലാക്കി.
മംഗലാപുരം,ഡൽഹി കലാപം ഉൾപ്പെടെ രാജ്യത്ത് സമീപകാലത്ത് നടന്ന ഒട്ടേറെ രാജ്യവിരുദ്ധപ്രവർത്തനത്തിൽ പോപ്പുലർഫ്രണ്ടിന്റെ സഹായം പ്രത്യക്ഷമായോ പരോക്ഷമായോ ലഭിച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയരുന്നു. ഡൽഹി കലാപത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
റെയ്ഡിനെത്തിയതറിഞ്ഞ് പ്രവർത്തകർ നിമിഷ നേരം കൊണ്ട് സ്ഥലത്തെത്തുകയും ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ തീവ്രവാദ സ്വഭാവമുള്ളതാണെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരിന് വ്യക്തമായിരിക്കെ ആഭ്യന്തരവകുപ്പിന് കീഴിലുള്ള അഗ്നിരക്ഷാ സേന നടപടി ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്. കൂടാതെ ഇവരിൽ നിന്ന് ജീവനക്കാർ ഉപഹാരവും സ്വീകരിച്ചു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സേനാമേധാവി ശുപാർശ ചെയ്തത്.
















Comments