ഭുവനേശ്വർ : പ്രശസ്ത പുരി ജഗന്നാഥ ക്ഷേത്രത്തിന് നേരെ ആക്രമണം. ക്ഷേത്രത്തിലെ അടുക്കളയും അടുപ്പുകളും അജ്ഞാതർ അടിച്ചുതകർത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണം നടക്കുമ്പോൾ അടുക്കളയിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ക്ഷേത്രത്തിലെ സന്ധ്യാ ദുപ ആരതിയും, രാജ് ഭോഗയ്‌ക്കും ശേഷം അടുക്കളയിൽ എത്തിയപ്പോഴാണ് ക്ഷേത്രം അധികൃതർ സംഭവം അറിയുന്നത്. ഉടനെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
അടുക്കളയിലെ പാചകക്കാർ ഉൾപ്പെടെ എല്ലാവരും പൂജകളിൽ പങ്കെടുക്കാറുണ്ട്. ആരുമില്ലാത്ത തക്കം നോക്കി ഏതെങ്കിലും സാമൂഹ്യവിരുദ്ധർ ആകാം അടുപ്പുകൾ അടിച്ചുതകർത്തത് എന്നാണ് സംശയിക്കുന്നത്.
ക്ഷേത്രത്തിലെ അടുക്കളയിൽ 240 അടുപ്പുകൾ ആണ് ആകെയുള്ളത്. ഇതിൽ 40 എണ്ണം പൂർണമായും തകർന്നു. മറ്റ് അടുപ്പുകൾക്ക് കേടുപാടുകൾ ഉണ്ട്. പൂജകൾക്കായി ഉണ്ടാക്കിയ നിവേദ്യവും അക്രമി സംഘം നശിപ്പിച്ചിട്ടുണ്ട്.
സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്. അക്രമികളുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. അതേസമയം സംഭവത്തിൽ പുരി കളക്ടർ ക്ഷേത്രം അധികൃതരോട് റിപ്പോർട്ട് തേടി.
















Comments