കൊളംബോ: ശ്രീലങ്കയിൽ പ്രതിപക്ഷത്തെ സർക്കാരിൽ ചേരാൻ ക്ഷണിച്ച് ലങ്കൻ പ്രസിഡന്റ് ഗോട്ടബായ രജപക്‌സെ രംഗത്ത്. അദ്ദേഹം പുതിയ നാലംഗ മന്ത്രിസഭ രൂപീകരിച്ചു. ഇന്നലെ രാത്രി വൈകിയോടെ രാജി സമർപ്പിച്ച 26 മന്ത്രിമാരുടേയും രാജി അംഗീകരിച്ചതിന് പിന്നാലെയാണ് ഗോട്ടബായയുടെ പുതിയ നീക്കം.
പ്രധാനമന്ത്രി മഹീന്ദ രജ്പക്‌സെ ഒഴികെയുള്ള എല്ലാവരും ഇന്നലെ രാത്രി രാജി സമർപ്പിച്ചിരുന്നു. പ്രസഡന്റ് പുതിയ മന്ത്രിമാരെ നാമനിർദ്ദേശം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ നാലംഗ മന്ത്രിസഭ രാജ്യത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. സഹോദരനും ധനമന്ത്രിയുമായ ബേസിൽ രജപക്‌സയെ അടക്കം സ്ഥാനഭ്രഷ്ടനാക്കിയാണ് അദ്ദേഹം പുതിയ മന്ത്രിസഭ രൂപീകരിച്ചത്. അലി സാബ്രിയാണ് പുതിയ ധനമന്ത്രി.
കാബിനറ്റ് പദവികൾ സ്വീകരിക്കാനും രാജ്യത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം തേടാനുള്ള ശ്രമത്തിൽ ചേരാനും പാർമെന്റിലെ എല്ലാ രാഷ്‌ട്രീയ പാർട്ടികളേയും ക്ഷണിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
നാടകീയ രംഗങ്ങൾക്കൊടുവിലാണ് ശ്രീലങ്കയിൽ പുതിയ മന്ത്രിസഭ രൂപീകൃതമായത്. ഇന്നലെ രാത്രി വൈകിയോടെ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജി വെച്ചെന്ന് വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട് രാജി വാർത്ത നിഷേധിച്ച് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു മന്ത്രിമാരുടെ കൂട്ടരാജി. ജനരോഷത്തെ തുടർന്ന രാജ്യത്ത് ഏർപ്പെടുത്തിയ അടിയന്തിരാവസ്ഥയും 36 മണിക്കൂർ കർഫ്യൂവും പൂർത്തിയാകുന്നതിന് മുൻപായിരുന്നു ഭരണതലത്തിലെ കൂട്ടരാജി
ശ്രീലങ്കൻ സർക്കാറിനെതിരായ വർദ്ധിച്ചു വരുന്ന പ്രക്ഷോഭങ്ങൾ കാരണം നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംഘർഷാവസ്ഥ വർദ്ധിക്കുന്നതിന് കാരണമാവുകയും കലാപത്തിന് വഴി വെക്കുകയും ചെയ്തിരുന്നു. 600 ലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.
Comments