തിരുവനന്തപുരം: ഐഎൻടിയുസിയുമായുള്ള പ്രശ്‌നം പരിഹരിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഐഎൻടിയുസി കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നും പോഷക സംഘടനയേക്കാളും വലുതാണ് അവരുടെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഐഎൻടിയുസി പ്രസിഡന്റ് ആർ ചന്ദ്രശേഖരനുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കെപിസിസി അദ്ധ്യക്ഷന്റെ പ്രതികരണം.
എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിച്ചതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഭാഗമായ സംഘടനകളിൽ നിന്ന് ഐഎൻടിയുസി പ്രസിഡന്റ് മാത്രമാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലുള്ളത്. അവർക്കു കോൺഗ്രസ് നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎൻടിയുസിയ്‌ക്ക് കേരളത്തിൽ മാത്രം 17 ലക്ഷം പ്രവർത്തകരുണ്ട് അവരെ ഒഴിവാക്കി കോൺഗ്രസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും അങ്ങനെ ഒരു ചിന്തയും പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തർക്കങ്ങൾ മാദ്ധ്യമ സൃഷ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവിനെതിരെ പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പോഷക സംഘടനയല്ലെന്ന വിഡി സതീശന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പിപി തോമസിന്റെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടന്നിരുന്നു.പ്രകടനത്തിൽ വിഡി സതീശനെതിരെ മുദ്രാവാക്യം ഉയർന്നിരുന്നു. ഐഎൻടിയുസിയുടെ പരസ്യ പ്രതിഷേധം ചർച്ചയായതോടെയാണ് കെ സുധാകരൻ സമവായ ചർച്ചയുമായി ഐഎൻടിയുസി പ്രസിഡന്റിനേയും വിഡി സതീശനേയും സന്ദർശിച്ച് ചർച്ച നടത്തിയത്.
ദേശീയ പണിമുടക്കിനോടുള്ള പ്രതികരണമെന്ന നിലയിലാണ് വിഡി സതീശൻ കഴിഞ്ഞ ദിവസം ഐഎൻടിയുസിയുമായി ബന്ധപ്പെട്ട പരാമർശം നടത്തിയത്. പണിമുടക്കിന്റെ ഭാഗമായി അക്രമം നടത്തിയവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടയല്ലെന്നും എന്നാൽ ഇത്തരം പണിമുടക്കുകൾ പ്രഖ്യാപിച്ചാൽ ഐഎൻടിയുസിയ്‌ക്ക് കൃത്യമായി നിർദ്ദേശം നൽകുമെന്നുമായിരുന്നു വിഡി സതീശന്റെ പ്രസ്താവന.
Comments