സോപോർ: ജമ്മു കശ്മീരിലെ സോപോറിൽ നിന്ന് ഭീകരനെ സുരക്ഷാസേന പിടികൂടി. ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ അംഗമാണ് ഇയാൾ. സുരക്ഷാ ഉദ്യോഗസ്ഥരേയും രാഷ്‌ട്രീയ നേതാക്കളേയും ആക്രമിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഇയാൾ അതിർത്തി കടന്ന് എത്തിയതെന്നാണ് വിവരം. സോപോർ റാഫിയാബാദിലെ ലഡൂര മേഖലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
സുരക്ഷാ സേനയ്‌ക്ക് ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടാനായത്. ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തേക്ക് കൂടുതൽ ഭീകരർ എത്തിയിട്ടുണ്ടോ എന്നറിയാൻ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ഈ മാസം ആദ്യം ബാരാമുള്ള പുൽവാമ ജില്ലകളിൽ നിന്നായി ലഷ്‌കർ ഇ തൊയ്ബ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. ജനുവരി മാസത്തിൽ സോപോർ, ബന്ദിപ്പോര മേഖലകളിൽ നിന്നായി വിവിധ ഭീകര സംഘടനകളിൽ പെട്ട ആറ് പേരെ പിടികൂടിയിരുന്നു. ഇവരിൽ നിന്നായി നിരവധി സ്‌ഫോടന വസ്തുക്കളും തോക്കുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
















Comments