ന്യൂഡൽഹി: മുൻപത്തെക്കാൾ വെല്ലുവിളികൾ നിറഞ്ഞ വഴികളാണ് കോൺഗ്രസിന് മുൻപിലുളളതെന്ന് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധി. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനാധിപത്യത്തിനും സമൂഹത്തിനും ആവശ്യമാണെന്നും എല്ലാ തലത്തിലും ഐക്യമാണ് വേണ്ടതെന്നും സോണിയ കൂട്ടിച്ചേർത്തു. ഡൽഹിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പാർട്ടിയെ ശക്തിപ്പെടുത്താനുളള ഒരുപാട് നിർദ്ദേശങ്ങൾ തന്റെ മുൻപിൽ ലഭിച്ചിട്ടുണ്ട്. അതിൽ ചിലത് പ്രാവർത്തികമാക്കാനുളള ശ്രമത്തിലാണെന്നും അവർ പറഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പു ഫലങ്ങളിൽ എല്ലാവരും എത്രത്തോളം നിരാശരാണെന്ന് അറിയാമെന്നും സോണിയ തുറന്നുപറഞ്ഞു. തോൽവി ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.
രാജ്യസഭയിൽ നിന്ന് വിരമിച്ച പാർട്ടിയുടെ സീനിയർ നേതാക്കളോട് സോണിയ നന്ദി അറിയിച്ചു. മുതിർന്ന നാല് നേതാക്കളാണ് കഴിഞ്ഞ മാസം വിരമിച്ചതെന്ന് അവർ പറഞ്ഞു. മറ്റ് രീതികളിലൂടെ അവരുടെ പൊതുജീവിതവും രാഷ്‌ട്രീയ പ്രവർത്തനവും തുടരുമെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുളള ശ്രമങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും അവരുടെ നേതാക്കളെയും നിരന്തരം ലക്ഷ്യം വെയ്‌ക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.
Comments