കൊളംബോ; രജപക്സെ സർക്കാർ ചൈനയ്‌ക്ക് എല്ലാം വിറ്റുതുലച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കയിലെ ഭക്ഷണ കച്ചവടക്കാർ. ഇപ്പോൾ ശ്രീലങ്കയ്‌ക്ക് ഒന്നുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് കടമെടുത്താണ് നിലനിന്ന് പോകുന്നതെന്നും തെരുവിൽ പ്രതിഷേധിച്ചെത്തിയ കച്ചവടക്കാർ ആരോപിച്ചു.
സാമ്പത്തിക-രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ ഉഴലുന്ന ശ്രീലങ്കയിൽ പഴം-പച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. നാല് മാസം മുമ്പ് വരെ കിലോയ്‌ക്ക് 500 രൂപയായി വിറ്റിരുന്ന ആപ്പിളിന് ഇപ്പോൾ വില ആയിരമാണ്. കിലോയ്‌ക്ക് 700 രൂപയായി വിൽപന നടത്തിയിരുന്ന പേരയ്‌ക്ക ഇപ്പോൾ 1,500 രൂപയ്‌ക്കാണ് വിൽക്കുന്നതെന്നും ജനങ്ങളുടെ പക്കൽ പണമില്ലെന്നും പഴക്കച്ചവടക്കരനായ ഫാറൂഖ് പ്രതികരിച്ചു.
ശ്രീലങ്കൻ സർക്കാർ എല്ലാം ചൈനയ്‌ക്ക് വിറ്റു. അതാണ് ഏറ്റവും വലിയ പ്രശ്‌നം. എല്ലാം വിറ്റതിനാൽ ശ്രീലങ്കയുടെ കയ്യിൽ പണമില്ല. എല്ലാം വായ്പയായി വാങ്ങേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതൃപ്തിയും രോഷവും പ്രകടിപ്പിച്ച് തെരുവിലിറങ്ങിയ കച്ചവടക്കാർ പ്രസിഡന്റ് ഗോതബയ രജപക്‌സെ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ദിനംപ്രതി ശക്തമാകുകയാണെന്നാണ് റിപ്പോർട്ട്.
ഇതിനിടെ ദ്വീപ് രാഷ്‌ട്രത്തിൽ പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ പിൻവലിച്ചു. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് ദിവസമായി തുടർന്നിരുന്ന അടിയന്തിരവാസ്ഥ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്റാണ് ഉത്തരവിറക്കിയത്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം മൂലം സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുകയാണ് ശ്രീലങ്ക.
















Comments