ചെന്നൈ: മരിച്ചെന്ന് കരുതി മൃതദേഹം ദഹിപ്പിച്ചതിന് പിന്നാലെ വീട്ടിലേക്ക് തിരിച്ചെത്തി 55-കാരൻ. ഞായറാഴ്ച രാത്രി വീട്ടുകാർ ദഹിപ്പിച്ചയാളാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലേക്ക് എത്തിയത്. ഈറോഡിലെ ബനഗാലാദ്പൂരിലാണ് സംഭവം.
കഥയിങ്ങനെയാണ്.. ദിവസവേതന തൊഴിലാളിയാണ് മൂർത്തി എന്ന 55-കാരൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കരിമ്പ് വിളവെടുക്കുന്നതിനായി തിരുപ്പൂരിലേക്ക് അദ്ദേഹം യാത്ര ചെയ്തിരുന്നു. ഞായറാഴ്ചയായപ്പോൾ അദ്ദേഹത്തിന്റെ മകൻ കാർത്തിക്ക് ബന്ധുക്കളിൽ നിന്നും ഒരു ഫോൺകോളെത്തി. സമീപത്തെ ബസ് സ്റ്റോപ്പിൽ മൂർത്തി മരിച്ച് കിടക്കുന്നുണ്ടെന്നായിരുന്നു ബന്ധുക്കൾ അറിയിച്ചത്.
സംഭവസ്ഥലത്തെത്തിയ കാർത്തി മൃതദേഹം നോക്കി, തന്റെ പിതാവ് മൂർത്തി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം സത്യമംഗലം പോലീസ് മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഞായറാഴ്ച രാത്രിയാകുമ്പോഴേക്കും സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകുകയും മൂർത്തിയുടേതെന്ന് കരുതിയ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.
എന്നാൽ പിറ്റേന്ന് വൈകിട്ട് കുടുംബാംഗങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മരിച്ചെന്ന് കരുതിയ മൂർത്തി വീട്ടിലെത്തി. കാർത്തിക്ക് ഇത് വിശ്വസിക്കാനായില്ല. അച്ഛൻ മരിച്ചുവെന്ന് അറിഞ്ഞപ്പോൾ എത്രമാത്രം ഞെട്ടലുണ്ടായോ അത്രതന്നെ ഞെട്ടൽ അദ്ദേഹം തിരിച്ചെത്തിയപ്പോഴും സംഭവിച്ചുവെന്ന് കാർത്തി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇതോടെ സംഭവം വേഗം പോലീസിൽ അറിയിക്കാനും കാർത്തി മറന്നില്ല. ബസ് സ്റ്റോപ്പിൽ യഥാർത്ഥത്തിൽ മരിച്ച് കിടന്നിരുന്ന വ്യക്തി ആരാണെന്നുള്ള അന്വേഷണത്തിലാണ് പോലീസിപ്പോൾ..
Comments