കൊച്ചി: വരുന്ന സീസണിൽ ഐഎസ്എൽ മത്സരങ്ങൾക്ക് കൊച്ചിയും വേദിയാകും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിൽ 10 മത്സരങ്ങളാണ് നടക്കുക. ഓഗസ്‌റ്റോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കൊച്ചിയിൽ പരിശീലനം ആരംഭിക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിളള, ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരളത്തിലെ ആദ്യ ഫുട്‌ബോൾ മ്യൂസിയത്തിനും ജിസിഡിഎ സ്ഥല സൗകര്യങ്ങൾ ഒരുക്കും.
സ്‌റ്റേഡിയം പരിസരം കൂടുതൽ ആകർഷകമാക്കാനും മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയാണ് ഐഎസ്എൽ സീസൺ നടക്കുക.
കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്‌സിന് വലിയ ആരാധക പിന്തുണയാണ് കേരളത്തിൽ നിന്ന് ലഭിച്ചത്. ഇത് കൂടി പരിഗണിച്ചാണ് ജിസിഡിഎയുടെ നിലപാട്.
Comments